ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വംശീയ അധിക്ഷേപം: ഹിന്ദു ഐക്യവേദി നേതാവിനെ പൊലീസ് ചോദ്യം ചെയ്തു

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ആര്.വി ബാബുവിനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ തൃക്കാക്കര എസ്എച്ച്ഒയുടെ മുന്നിൽ ഹാജരായ ആര്.വി ബാബുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു.
ഓപ്പറേഷൻ തൂഫാൻ പരിപാടിക്കിടെ ജിഫ്രി മുത്തുകോയ തങ്ങൾക്ക് ബാഡ്ജ് അണിയിച്ച ചടങ്ങിന് പിന്നാലെയായിരുന്നു ആര്.വി ബാബുവിന്റെ വിവാദ സമൂഹമാധ്യമ പോസ്റ്റ്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണ് ഇത്തരം ലഹരി വിൽപനയ്ക്ക് നേതൃത്വം നൽകുന്നത് എന്ന തരത്തിലും സമസ്ത അധ്യക്ഷനെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു ഹിന്ദു ഐക്യവേദി നേതാവിന്റെ പോസ്റ്റ്.
പിഡിപി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് ആർ.വി ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നാണ് ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. വിശദമായി മൊഴിയെടുത്ത ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

