KSDLIVENEWS

Real news for everyone

റഷ്യ, ഓസ്ട്രിയ സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി വിദേശത്തേയ്ക്ക്; പുതിനുമായി കൂടിക്കാഴ്ച നടത്തും

SHARE THIS ON

ന്യൂ‍ഡൽഹി: റഷ്യയിലും ഓസ്ട്രിയയിലും സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജൂലൈ എട്ടു മുതൽ 10 വരെയാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുതിനുമായി മോദി കൂടിക്കാഴ്ച നടത്തും.
പുതിൻ്റെ ക്ഷണപ്രകാരം 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായിട്ടാണ് പ്രധാനമന്ത്രി മോസ്‌കോയിലെത്തുന്നത്. ജൂലൈ 8,9 തീയതികളിലാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധം നേതാക്കൾ അവലോകനം ചെയ്യുകയും പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

റഷ്യ-ഉക്രെയ്ൻ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ റഷ്യയിലേക്കുള്ള ആദ്യ യാത്രയാണിത്. 2019-ൽ ഒരു സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം അവസാനം റഷ്യയിലെത്തിയത്. 2022 ഫെബ്രുവരിയിലാണ് റഷ്യ-ഉക്രെയ്ൻ ബന്ധം വഷളായത്. 2022 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്താനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പുതിനും മോദിയും കൂടികാഴ്ച നടത്തിയിരുന്നു.

റഷ്യ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. ജൂലൈ 9,10 തീയതികളിലാണ് സന്ദർശനം. വിയന്നയിലെത്തുന്ന പ്രധാനമന്ത്രി ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലെയെ സന്ദർശിക്കുകയും രാജ്യത്തിൻ്റെ ചാൻസലർ കാൾ നെഹാമറുമായി ചർച്ചനടത്തുകയും ചെയ്യും. തുടർന്ന് ഇരുവരും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരെ കാണും.

1983-ൽ ഇന്ദിരാഗാന്ധി നടത്തിയ സന്ദർശനത്തിനു ശേഷം 41 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.

error: Content is protected !!