KSDLIVENEWS

Real news for everyone

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ: വെള്ളത്തിൽ മുങ്ങി റാന്നി; വീടുകൾ തകർന്നു

SHARE THIS ON

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി.

ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സൂചനയുണ്ട്. തൂമ്പാക്കുളം ജങ്ഷനിൽ ചെളിയും മരങ്ങളും വന്നടിഞ്ഞ നിലയിലാണ്. പമ്പയാറ്റിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സീതത്തോട് വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമിന്റെ നാല് ഷട്ടറുകളും 11 മണിക്ക് 20 സെന്റീമീറ്റർ വീതം കൂടി ഉയർത്തും. രാവിലെ 80 സെന്റീമീറ്റർ ഉയർത്തിയിരുന്നു. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

മലപ്പുറം ചേലേമ്പ്ര ചേലുപാടത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ചേലുപാടം ഇടിമുഴിക്കൽ റോഡ് വെള്ളത്തിലായി. ശക്തമായ മഴ തുടർന്നതോടെ ദേശീയപാതയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് വെള്ളം കയറാൻ കാരണം. ഈറ്റുപേട്ട ടൗണും വീടുകളും കടകളും പാലങ്ങളുമടക്കം വെള്ളത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!