KSDLIVENEWS

Real news for everyone

വസ്തുതാവിരുദ്ധ പ്രസ്താവന, മോദിക്കും അനുരാഗ് ഠാക്കൂറിനുമെതിരെ നടപടിവേണം’; സ്പീക്കർക്ക് കത്ത്

SHARE THIS ON

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ കോണ്‍ഗ്രസിന്റെ കത്ത്. മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.


സ്ത്രീകള്‍ക്ക് പ്രതിമാസം 85,000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് ‘തെറ്റായ വാഗ്ദാനം’ നല്‍കിയെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞതായി മാണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിജയിക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തശേഷം നടപ്പാക്കേണ്ട ഒരു വാഗ്ദാനമായിരുന്നു അതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം കുറഞ്ഞുവെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തെയും അദ്ദേഹം വെല്ലുവിളിച്ചു. പ്രധാനമന്ത്രിയുടെ വാദം തെറ്റാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങി കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം വര്‍ധിച്ചുവെന്നും കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കളവാണ്. ജാക്കറ്റുകള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നു, അല്ലാതെ ജാക്കറ്റുകള്‍ ഇല്ലാതിരുന്നിട്ടില്ല. മുംബൈ ആക്രമണ സമയത്ത് പോലീസിന് പോലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നത് കണ്ടതാണെന്നും മാണിക്കം ടാഗോര്‍ കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സൈനികര്‍ക്ക് ഫൈറ്റര്‍ വിമാനങ്ങള്‍ നല്‍കിയില്ലെന്ന പ്രധാനമന്ത്രിയുടെ വാദത്തേയും മാണിക്കം ടാഗോർ ഖണ്ഡിച്ചു.

കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സൈന്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിയിരുന്നില്ലെന്ന് അനുരാഗ് ഠാക്കൂര്‍ ആരോപിച്ചെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ‘ഇത് തെറ്റാണ്, നമുക്ക് ജാഗോര്‍, മിഗ് 29, എസ്‌യു-30, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങളുണ്ടായിരുന്നു. നമുക്ക് അണുബോംബുകളും അഗ്‌നി, പൃഥ്വി, ആകാശ്, നാഗ്, ത്രിശൂല്‍ തുടങ്ങിയ മിസൈലുകളും പിന്നീട് ബ്രഹ്മോസും ഉണ്ടായിരുന്നു’, മാണിക്കം ടാഗോര്‍ സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!