‘വീഡിയോ എവിടുന്നുകിട്ടിയെന്ന് പറയൂ, അല്ലെങ്കിൽ കമ എന്ന് മിണ്ടരുത്’; കൂടോത്രം വിഷയത്തിൽ ഉണ്ണിത്താൻ

കാസർകോട്: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുക്കുന്ന വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്ന് കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താൻ. വാർത്താസമ്മേളനത്തിനിടെ ‘കൂടോത്രം’ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങൾക്ക് ഈ സാധനം എവിടെനിന്ന് കിട്ടി. ആരാണ് വീഡിയോ നിങ്ങൾക്ക് തന്നത് എന്നുപറഞ്ഞാൽ ഞാൻ സകലകാര്യങ്ങളും വിശദീകരിക്കാം. അല്ലെങ്കിൽ ‘കമ’ എന്നു മിണ്ടരുത്’ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെടുത്തതിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഒന്നര വർഷം മുൻപത്തെ ദൃശ്യങ്ങളാണ് ഇവ. രാജ്മോഹന്‍ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദിയാണ് തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തതെന്നാണ് വിവരം. കുഴിച്ചിട്ടനിലയിലുള്ള ചില വസ്തുക്കൾ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കിഴിയിൽ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്.
കാലിന് പ്രശ്നങ്ങളുണ്ടോയെന്ന് മന്ത്രവാദി ചോദിക്കുമ്പോള്‍ ബലക്ഷയമുണ്ടായിരുന്നെന്ന് സുധാകരന് മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. വീടിന്റെ രൂപങ്ങളും തകിടില്‍ ഉണ്ടെന്ന് മന്ത്രവാദി പറയുന്നുണ്ട്. തന്റെ ജീവന് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യമെന്ന് സുധാകരന് പറയുന്നതും കേൾക്കാം.
വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോയാണെന്ന് പറഞ്ഞ അദ്ദേഹം, ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കിയിരുന്നു.

