ആമയിഴഞ്ചാന് തോട്ടിലെ മാലിന്യപ്രശ്നം: യോഗം വിളിച്ച് മുഖ്യമന്ത്രി, മന്ത്രിമാരും മേയറും പങ്കെടുക്കും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടിപോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള പ്രശ്നങ്ങളിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11-ന് ഓൺലൈനായിട്ടാണ് യോഗം. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും.
ശനിയാഴ്ച രാവിലെ ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്തിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെ 9.15-ഓടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു. നാവികസേന അടക്കമുള്ളവർ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

