കനത്ത മഴ; ജില്ലയിൽ മഴക്കെടുതിയിൽ വൻ നാശനഷ്ടം, വീടുകൾ തകർന്നു; പലയിടത്തും വെള്ളക്കെട്ട്

കാഞ്ഞങ്ങാട്: ശക്തമായ മഴയിലും കാറ്റിലും ചിത്താരി വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശം. വേലാശ്വരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാണിയംവീട്ടിൽ കുഞ്ഞിരാമന്റെ വീടിനുമേൽ പ്ലാവ് പൊട്ടിവീഴുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. രാത്രി ഉറങ്ങുമ്പോഴാണ് മരം വീടിനുമേൽ പതിച്ചത്. മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ശബ്ദംകേട്ട് ഉണർന്നു നോക്കിയപ്പോഴാണ് വീടിനുമുകളിൽ മരംപതിച്ചത് കണ്ടതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അജാനൂർ പഞ്ചായത്തധികൃതരും ചിത്താരി വില്ലേജ് അധികൃതരും സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പടന്ന: തിങ്കളാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. ഓരിയിലെ ടി.വി. മധുവിന്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്. മധുവിന്റെ ഭാര്യയും മകളും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മഴപെയ്താൽ പുഴയാകും സർവിസ് റോഡുകൾ!
മൊഗ്രാൽ: ജില്ലയിലെ ദേശീയപാതയിലെ സർവിസ് റോഡുകളൊക്കെ ഒരു മഴ പെയ്യുമ്പോഴേക്ക് പുഴയായി മാറുന്ന കാഴ്ചയാണ്. തീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിലെ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു. അശാസ്ത്രീയമായി നിർമിക്കുന്ന സംവിധാനത്തിന് ഈ മഴയെ തടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
മൊഗ്രാൽപുത്തൂരിലെ വെള്ളക്കെട്ട് മണിക്കൂറോളം ഗതാഗതസ്തംഭനത്തിന് വഴിവെച്ചു. രണ്ടാഴ്ചമുമ്പുതന്നെ, വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതം പുതിയ റോഡിലേക്ക് തിരിച്ചുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അധികൃതർ ഇത് ചെവിക്കൊള്ളാത്തതിനാലാണ് ഞായറാഴ്ച രാത്രി വൈകുവോളം ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയത്. മൊഗ്രാൽ ദേശീയപാതയിൽ സർവിസ് റോഡിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ജില്ലയിലെങ്ങും സർവിസ് റോഡുകളിൽ മുട്ടോളം വെള്ളക്കെട്ടാണ്.
അശാസ്ത്രീയമായി നിർമിച്ച ഓവുചാലുകൾ മഴവെള്ളപ്പാച്ചിലിൽ നോക്കുകുത്തിയായി. പലയിടത്തും ഓവുചാലുകളുടെ പണി പാതിവഴിയിലുപേക്ഷിച്ചത് ദുരിതത്തിന് കാരണമായി. സർവിസ് റോഡിനരികിലെ നടപ്പാതനിർമാണവും എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം സർവിസ് റോഡുകളിലൂടെ നടക്കേണ്ടിവരുന്ന കാൽനടക്കാരും വിദ്യാർഥികളും വലിയ ഭീഷണിയാണ് നേരിടുന്നത്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വെള്ളത്തിൽ
കാഞ്ഞങ്ങാട് : റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. മീൻചന്തയിൽ നിന്നുള്ള മലിനജലം കൂടി ഒഴുകി എത്തുന്നതോടെ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ഗേറ്റിനു സമീപവും പള്ളിക്കു സമീപവുമാണ് രൂക്ഷമായ വെള്ളക്കെട്ട്. പള്ളിക്ക് സമീപത്തു വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വെള്ളം ഒലിച്ചുപോകാൻ ഇടമില്ലാതെ വന്നതാണ് വെള്ളക്കെട്ടിന് കാരണമായത്.വെള്ളക്കെട്ട് കാരണം കാൽനട യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. എതിരെ വാഹനം വന്നാൽ ദേഹത്ത് ചെളിവെള്ളം ദേഹത്ത് വീഴാതിരിക്കാൻ ഏറെ സാഹസപ്പെട്ടാണ് പലരും മറുഭാഗത്ത് എത്തിയത്. മീൻചന്തയിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഇത് പ്രവർത്തനരഹിതമായി. ഇതോടെ മലിനജല ടാങ്ക് നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്.


