ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാശനഷ്ടം; മരം വീണ് വീടുകൾ തകർന്നു, വൈദ്യുതത്തൂണുകൾ പൊട്ടിവീണു

കാഞ്ഞങ്ങാട് : നിർത്താതെ പെയ്യുന്ന മഴയിലും കാറ്റിലും നാശം പെരുകി. കാഞ്ഞങ്ങാട് സൗത്തിലെ പാലക്കി ഗംഗാധരന്റെ വീട്ടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക് തെങ്ങ് കടപുഴകി. കാർ പൂർണമായും തകർന്നു. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനെത്തിയ കുറ്റിക്കോൽ സ്വദേശിയുടെതാണ് കാർ. വിശ്രമമില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാരും അഗ്നിരക്ഷാസേനയും കനത്ത മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതിതകരാറും മരങ്ങൾ പൊട്ടിവീണുള്ള അപകടങ്ങളും കൂടിയതോടെ പരക്കംപാഞ്ഞ് കെ.എസ്.ഇ.ബി. ജീവനക്കാരും അഗ്നിരക്ഷാസേനയും.
പുതിയകോട്ട കർപ്പൂരേശ്വര ക്ഷേത്രത്തിനു സമീപം 11 കെ.വി. ലൈനിൽ മരം പൊട്ടിവീണതിനെത്തുടർന്ന് പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
അഗ്നിരക്ഷാസേനയും വൈദ്യുതിവകുപ്പ് ജീവനക്കാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് മരം മുറിച്ചുനീക്കി തകരാർ പരിഹരിച്ചത്. കിഴക്കുംകരയിലെ കെട്ടിടത്തിനു മുകളിലെ അപകടാവസ്ഥയിലായ പരസ്യബോർഡ് നീക്കാൻ കെട്ടിട ഉടമയക്ക് അഗ്നിരക്ഷാസേന നിർദേശം നൽകി.
കാരാട്ടുവയലിലെ രമാഭായിയുടെ വീടിന്റെ അടുക്കളഭാഗത്ത് തിങ്കളാഴ്ച രാത്രിയിലുണ്ടായ കാറ്റിൽ മരം പൊട്ടിവീണു. രാവിലെ മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയ്ക്കായി മകൾക്കൊപ്പം പോയ രമാഭായി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. തുടർന്ന് ഗ്രോടെക് കവലയ്ക്ക് സമീപമുള്ള മകൾ സഹനയുടെ വീട്ടിൽ തങ്ങുകയായിരുന്നു.
രാവിലെ കാരാട്ടുവയലിലെ വീട്ടിലെത്തിയപ്പോഴാണ് പാഴ്മരം വീടിനുമുകളിൽ പൊട്ടിവീണ നിലയിൽ കണ്ടത്. അഗ്നിരക്ഷാസേന സീനിയർ റസ്ക്യു ഓഫീസർ ഗണേശൻ കിണറ്റുകരയുടെ നേതൃത്വത്തിൽ അനിലേഷ്, നിഖിൽ, അർജുൻ, രാമചന്ദ്രൻ എന്നിവർ കാരാട്ടുവയലിൽ രക്ഷാപ്രവർത്തനം നടത്തി.
നീലേശ്വരത്തും ചെറുവത്തൂരിലും കിണർ താഴ്ന്നു
ചെറുവത്തൂർ : ശക്തമായ മഴയിൽ നീലേശ്വരത്തും ചെറുവത്തൂരിലും കിണർ ഇടിഞ്ഞുതാഴ്ന്നു. നീലേശ്വരം കിഴക്കൻകൊഴുവലിലെ അരമന പദ്മാവതിയുടെ വീട്ടുമുറ്റത്തെ കിണർ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞാഴ്ച സമീപത്തെ അരമന കുഞ്ഞമ്മാറമ്മയുടെ വീട്ടുമുറ്റത്തെ കിണർ ആൾമറയോടെ താഴ്ന്നു പോയിരുന്നു.
ചെറുവത്തൂർ ചെക് പോസ്റ്റിന് സമീപം ചിറവങ്ങാട്ട് മധുവിന്റെ വിട്ടിലെ കിണറും ചൊവ്വാഴ്ച ഇടിഞ്ഞുതാഴ്ന്നു. കിണറിന്റെ സ്ഥാനത്ത് വലിയ കുഴി മാത്രമാണ് കാണാനുള്ളത്.
താലൂക്ക് ആസ്പത്രിയിൽ തേക്കുമരം കടപുഴകി വീണു
നീലേശ്വരം : ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ തേക്കുമരം കടപുഴകി വീണു. ഫിസിയോതെറാപ്പി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മരംവീണത്. ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ് പ്രവർത്തകരെത്തി മരം മുറിച്ചുനീക്കി. കരിന്തളം വരയിൽ ചൊവ്വാഴ്ച രാവിലെ മരം മുറിഞ്ഞുവീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.
വരയിലെ രാജീവന്റെയും ലക്ഷ്മിയുടെയും വീടുകൾക്ക് മുകളിലാണ് മരംവീണത്. റോഡിന് എതിർവശത്തെ മരമാണ് രാജീവന്റെ വീടിനുമുകളിലേക്ക് വീണത്.
സമീപത്തെ പറമ്പിലെ മരത്തിന്റെ ശാഖയാണ് ലക്ഷ്മിയുടെ വീടിന്റെ അടുക്കളഭാഗത്ത് മുറിഞ്ഞുവീണത്. ചെറുവത്തൂർ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിന് കുറുകെ മരം മുറിഞ്ഞുവീണു. തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്.
ചെറുവത്തൂർ – കയ്യൂർ–ചീമേനി പഞ്ചായത്തിലെ ഞണ്ടാടിയിൽ ഇന്നലെ രാവിലെ 8ഓടെ ഉണ്ടായചുഴ ലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. കാറ്റിൽ മരം വീണ് വൈദ്യുതത്തൂണുകളും ലൈനുകളും പൊട്ടി വീണ് വൈദ്യുതി വിതരണം താറുമാറായി. ഞണ്ടാടിയിലെ എ.സി.രവീന്ദ്രൻ, പി.പി.കൃഷ്ണൻ എന്നിവരുടെ ഓടുമേഞ്ഞ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂരയും ചുമരും ഭാഗികമായി തകർന്നു.പൊതാവൂരിലെ കളത്തിൽ തമ്പായിയുടെ വീടിന്റെ മുൻഭാഗത്ത് കമുക് വീണ് ഷീറ്റ് തകർന്നു. അനേകം തെങ്ങ്. കമുക്, ഫലവൃക്ഷങ്ങൾ, വാഴ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്. കുരുമുളക് വള്ളികളും നശിച്ചു. എം.വി.സുകു, അശോകൻ, കെ.വി.രാഘവൻ, രവി, തമ്പായി, നാരായണൻ എന്നിവരാണ് കൂടുതൽ നാശനഷ്ടം സംഭവിച്ച കർഷകർ. കയ്യൂർ വില്ലേജ് ഓഫിസർ പി.മനോജ് സ്ഥലം സന്ദർശിച്ച് നാശനഷ്ടം കണക്കാക്കി. തകരാറിലായ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ വളരെ വൈകിയും ജീവനക്കാർ ജോലി ചെയ്ത് വരികയാണ്.കാറ്റിലും മഴയിലും മുഴക്കോം, തിമിരി, കയ്യൂർ താഴെ, ചെറിയാക്കര, ചെറുവപ്പാടി, കള്ളപ്പാത്തി, പട്ടോട് എന്നീ സ്ഥലങ്ങളിലും വൈദ്യുതത്തൂണ് തകർന്നും ലൈൻ പൊട്ടി വീണും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
രാജപുരത്ത് 11 വൈദ്യുതത്തൂണുകൾ തകർന്നു
രാജപുരം ∙ കനത്ത മഴയിലും കാറ്റിലും മലയോരത്ത് വൻ നാശനഷ്ടം. പല സ്ഥലത്തും വൈദ്യുതത്തൂണുകൾ തകർന്ന് വൈദ്യുതി വിതരണം നിലച്ചു. കെഎസ്ഇബി രാജപുരം സെക്ഷനു കീഴിൽ ഇന്നലെ മാത്രം 11 വൈദ്യുതത്തൂണുകളാണ് കാറ്റില് തകർന്നത്. 24 സ്ഥലത്ത് വൈദ്യുതി കമ്പിക്കു മുകളിൽ മരം വീണ് വൈദ്യുതി വിതരണം നിലച്ചു. തിങ്കളാഴ്ച 6 സ്ഥലത്ത് മരം വീണ് കമ്പി പൊട്ടി. ബളാംതോട് സെക്ഷനിൽ ഇന്നലെ 6 വൈദ്യുത തൂണുകൾ തകർന്നു. എൺപതോളം സ്ഥലത്ത് വൈദ്യുതി ലൈനിനു മുകളിൽ മരം വീണു. മഴ കനത്തതോടെ വ്യാപകമായ നാശനഷ്ടമാണ് ദിവസവും ഉണ്ടാകുന്നതെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ഒറ്റ ദിവസം കൊണ്ട് പൂർണമായും പരിഹരിക്കാൻ സാധിക്കാത്ത അത്ര വ്യാപകമായാണ് തകരാർ സംഭവിക്കുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് ഉപഭോക്താക്കളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ മുട്ടിച്ചരലിൽ മരം വീണ് ഗതാഗതം മുടങ്ങി..

