KSDLIVENEWS

Real news for everyone

അര്‍ജുന് വേണ്ടി തിരച്ചിൽ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി; സൈന്യം എത്താൻ വൈകും, പുഴയിൽ വീണ്ടും തിരച്ചിൽ

SHARE THIS ON


ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടുകൂടി മാത്രമേ കരസേന ഇവിടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ​ഗം​ഗാവാലി പുഴയിൽ വീണ്ടും തിരച്ചിൽ നടത്താൻ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയിൽ എത്തിച്ചു.

മണ്ണിടിച്ചിലുണ്ടായി ആറാംദിവസം രക്ഷാദൗത്യം ഊർജിതമായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാൾ കൂടുതൽ ടിപ്പർ ലോറികളും പ്രദേശത്തുണ്ട്. അധികം വാഹനങ്ങൾ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികൾ വേ​ഗത്തിലായി. എന്നാൽ ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!