താങ്ങുവില സർക്കാരിനെ താങ്ങിനിർത്തുന്നവർക്ക്, ബജറ്റിൽ അനീതി’; പാർലമെന്റിനുപുറത്ത് ‘ഇന്ത്യ’ മുന്നണിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു.
സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു എം.പിമാര്‍ പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്ലക്കാര്‍ഡുകൾ. വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാര്‍ ഉയര്‍ത്തി.
ബജറ്റില്‍ നീതിയില്ലെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവിലയ്ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍, സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന കൂട്ടുകക്ഷികള്‍ക്കാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നതെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. ‘ഡബിള്‍ എന്ജിന്’ സര്‍ക്കാര്‍ ഉള്ള യു.പിക്ക് ഇരട്ട ആനുകൂല്യം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍, ഒന്നും ലഭിച്ചില്ലെന്നും അഖിലേഷ് പറഞ്ഞു. യു.പി. ബി.ജെ.പിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ആരോഗ്യരംഗത്തടക്കം കേരളത്തിന് പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നും തിരുവനന്തപുരം എം.പി. ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഒരു സീറ്റുപോലും നല്‍കാത്തതുകൊണ്ടാണ് പഞ്ചാബിനെ അവഗണിച്ചതെന്ന് എം.പിയും പി.സി.സി. അധ്യക്ഷനുമായ അമരീന്ദര്‍ സിങ് രാജാവാറിങ് പറഞ്ഞു. കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ ബജറ്റല്ലെന്നും സഖ്യത്തിന്റെ ബജറ്റാണെന്നും ഡി.എം.കെ. എം.പി. തിരുച്ചി ശിവ കുറ്റപ്പെടുത്തി.

