KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ കളവുപറഞ്ഞ് ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ തനിക്കെതിരേ വർഗീയത പരത്തുന്നുവെന്ന ആരോപണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകൾതന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബി.ജെ.പി. കൊണ്ടുവന്ന നിയമഭേദഗതിയാണ്. രാജ്യത്തെ ബി.ജെ.പി ഇതര സർക്കാരുകളിൽ ആദ്യമായി ഈ ഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കുകയാണ് യു.ഡി.എഫ്. ചെയ്തത്. അതുവഴി യു.ഡി.എഫ് സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്. കേന്ദ്രത്തിന്റെ ഇത്തരം മാറ്റങ്ങളോട് യോജിച്ചുപോകുന്നതാണോ അതോ വിയോജിക്കുന്നതാണോ വർഗീയതയെന്നും പിണറായി ചോദിച്ചു.

നിയമഭേദഗതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുകയും ശക്തമായ നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്തവരാണ് എൽ.ഡി.എഫ്. സർക്കാർ. ബോർഡ് പുനഃസംഘടനയിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താതെ രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് അന്ന് ചെയ്തത്. എന്നാൽ, ഭരണമാറ്റത്തിനുശേഷം എൽ.ഡി.എഫ്. അതേ നിലപാട് ആവർത്തിച്ചപ്പോൾ അതിനെ മുഖ്യമന്ത്രി വർഗീയതയായി ചിത്രീകരിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

error: Content is protected !!