KSDLIVENEWS

Real news for everyone

കാത്തിരിപ്പിന്റെ 9 ദിവസങ്ങൾ; അർജുന്റെ ലോറി കരയിലെത്തുന്നതും കാത്ത്‌ കണ്ണുംനട്ട് കേരളം

SHARE THIS ON

കോഴിക്കോട്: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത് ഒന്‍പതാംനാള്‍. കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയെന്ന വിവരം അധികൃതര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരിലെ കനത്തമഴയ്ക്കിടെ കുന്നിടിഞ്ഞ് വീണ് അപകടമുണ്ടായത്. അന്നുമുതല്‍ ജൂലായ് 24 ബുധനാഴ്ച വരെ നടന്ന സംഭവവികാസങ്ങളിലൂടെ…

ജൂലായ് 16- ഉത്തരകന്നഡ ജില്ലയില്‍ രണ്ടുദിവസമായി പെയ്ത കനത്തമഴയിലാണ് ദേശീയപാത 66-ല്‍ ഷിരൂരില്‍ കുന്നിടിഞ്ഞ് വീണത്. കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ ആ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഷിരൂരില്‍ മഴയില്‍ കുന്നിടിഞ്ഞ് വീണത് ഒരു ചായക്കടയുടെ മുകളിലേക്കായിരുന്നു. ജൂലായ് 16-ന് ഉച്ചയോടെയായിരുന്നു അപകടം

സംഭവത്തില്‍ അഞ്ചുപേരെ കാണാതായെന്ന് സംശയമുണ്ടെന്നായിരുന്നു ആദ്യംപുറത്തുവന്ന വിവരം. സംഭവസമയം ചായക്കുടിക്കാനായി ആളുകള്‍ ഈ കടയിലുണ്ടായിരുന്നതായി അതുവഴി കടന്നുപോയ യാത്രക്കാരും പറഞ്ഞിരുന്നു.

ദേശീയപാതയുടെ മറുവശം ഗംഗാവലി പുഴയാണ്. മണ്ണിടിഞ്ഞ് മഴവെള്ളത്തോടൊപ്പം പുഴയിലേക്ക് ഒഴുകിപ്പോയ നിലയിലായിരുന്നു. ഈ ഒഴുക്കില്‍ ആളുകള്‍ പെട്ടിട്ടുണ്ടെന്ന് സംശയമുണര്‍ന്നതോടെ ചൊവ്വാഴ്ച തന്നെ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഈ ഘട്ടത്തിലൊന്നും അര്‍ജുന്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം പുറംലോകമറിഞ്ഞിരുന്നില്ല.


ജൂലായ് 17- അപകടസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. റോഡരികില്‍ ചായക്കട നടത്തിവന്ന ലക്ഷ്മണ്‍ നായക് (47), ഭാര്യ ശാന്തി (36), മകന്‍ റോഷന്‍ (11), മകള്‍ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ടുദിവസമായി നടന്ന തിരച്ചിലില്‍ കണ്ടെത്തിയത്. രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടര്‍ന്നു.

കുന്നിടിഞ്ഞ് വന്‍തോതില്‍ മണ്ണുള്‍പ്പെടെ സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഒലിച്ചുപോയിരുന്നു. മണ്ണിനടിയിലും സമീപത്തെ പുഴയിലും തിരച്ചില്‍ നടത്തി. പോലീസും ദേശീയ ദുരന്തനിവാരണസേനയും അഗ്‌നിരക്ഷാസേനയും ചേര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ജൂലായ് 18- തിരച്ചിലില്‍ രണ്ടുമൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ലോറി ഡ്രൈവര്‍മാരും തമിഴ്‌നാട് സ്വദേശികളുമായ മുരുകന്‍, ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ആകെ ഏഴുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ജൂലായ് 19- ഷിരൂരിലെ അപകടത്തില്‍ കോഴിക്കോട് സ്വദേശിയും ലോറിഡ്രൈവറുമായ അര്‍ജുനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം. അര്‍ജുന്റെ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് അപകടസ്ഥലത്തുനിന്നായിരുന്നു. തിങ്കളാഴ്ചയാണ് അര്‍ജുന്‍ അവസാനമായി വിളിച്ചതെന്നും പിന്നീട് വിവരമില്ലെന്നും ബന്ധുക്കളും പറഞ്ഞു. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ജനപ്രതിനിധികളും മറ്റും ഇടപെട്ടു. ഇതിനിടെ ഷിരൂരിലെ അപകടത്തില്‍ പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

ജൂലായ് 20- അപകടം നടന്ന് അഞ്ചാംദിവസവും തിരച്ചില്‍. അര്‍ജുന്‍ അടക്കം മൂന്നുപേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍. റഡാര്‍ അടക്കം എത്തിച്ച് തിരച്ചില്‍. കേരളത്തില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത്. സര്‍ക്കാര്‍തലത്തിലും ഇടപെടല്‍. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തണമെന്ന് അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം. പക്ഷേ, കനത്തമഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. അന്നേദിവസത്തെ തിരച്ചിലും വൈകിട്ടോടെ അവസാനിപ്പിച്ചു.

ജൂലായ് 21- വീണ്ടും തിരച്ചില്‍. അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചിലില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇതിനിടെ സൈന്യത്തിന്റെ ഒരുസംഘം ഷിരൂരിലേക്ക്. തിരച്ചില്‍ പുഴയിലും. പക്ഷേ, നിരാശ മാത്രം.

ജൂലായ് 22- കരയിലും പുഴയിലുമായി തിരച്ചില്‍ പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബം. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ കേരളത്തില്‍നിന്ന് ഷിരൂരിലെത്തി. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ അടക്കം എത്തിച്ച് പരിശോധന. ചില സിഗ്നലുകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. വീണ്ടും തിരച്ചില്‍. ഇതിനിടെ കര്‍ണാടക പോലീസും മലയാളി രക്ഷാപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം.

ജൂലായ് 23- തിരച്ചിലില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്. പുഴയിലെ നീരൊഴുക്ക് കൂടിയതും മഴയും കാരണം തിരച്ചില്‍ നിര്‍ത്തി.

ജൂലായ് 24- അര്‍ജുനെ കാണാതായിട്ട് ഒന്‍പതാംനാള്‍. ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴയില്‍ തിരച്ചില്‍. കൂറ്റന്‍ മണ്ണുമാന്തി യന്ത്രവും സ്ഥലത്ത്. ഉച്ചയോടെ തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. നാവികസേനയുടെ അത്യാധുനികരീതിയിലുള്ള സ്‌കാനിങ്ങില്‍ ഗംഗാവലി നദിയില്‍ ലോറിയുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി. ഈ സിഗ്നല്‍ പ്രകാരം ഈ സ്ഥലങ്ങളില്‍ പരിശോധന. വൈകാതെ നദിയില്‍നിന്ന് ലോറി കണ്ടെത്തിയെന്ന് കര്‍ണാടക റവന്യൂ മന്ത്രിയുടെ സ്ഥിരീകരണം. ഇത് ഭാരത് ബെന്‍സ് ലോറിയാണെന്നും കാണാതായ അര്‍ജുന്റേതാണെന്നും പോലീസും സ്ഥിരീകരിച്ചു.

error: Content is protected !!