ചെങ്കൽ ക്വാറികളിലെ വിലക്കുകൾ നീക്കണം, നിർമ്മാണ പ്രവർത്തന മേഖലക്ക് ഉത്തേജനം നൽകണം ;
ജനകീയ നീതി വേദി

കാസർകോട്: പരിസ്ഥിതി പ്രശ്നം ഉയർത്തിപ്പിടിച്ച് ചെങ്കൽ ക്വാറികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്ത് മാറ്റി, നിർമ്മാണ മേഖലക്ക് ഉത്തേജനം നൽകണമെന്നും, തൊഴിൽ രഹിതരായ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാർഗ്ഗത്തിന് തടസ്സം സൃഷ്ടിക്കാതെ, ചെങ്കൽ ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നടപടികൾ കൈകൊള്ളമെന്നും ജില്ലാ ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, സെക്രട്ടറി അബ്ദുറഹിമാൻ കൈതോടും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രത്തിന് വേണ്ടി തിരുവനന്തപുരത്ത് അപേക്ഷ നൽകിയാൽ വർഷങ്ങൾ കഴിഞ്ഞാൽ പോലും അപേക്ഷ പരിഗണിക്കാതിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്തി ജില്ലാതല ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്മാർ പരിശോധിച്ച് മുൻ കാലങ്ങളിലുണ്ടായതുപോലെ ചെങ്കൽ ക്വാറികൾക്ക് അനുമതി നൽകാൻ സർക്കാർ നടപടി കൈകൊള്ളണമെന്നും, സർക്കാറിന്റെ ഭാഗത്ത് നിന്നും അനുഭാവപൂർവ്വമായ നടപടിയുണ്ടാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നിർബന്ധിതമാകുമെന്നും നിവേദനത്താൽ ചൂണ്ടിക്കാട്ടി.

