KSDLIVENEWS

Real news for everyone

പൊതുജനങ്ങളില്‍ നിന്ന് ആക്രമണം; ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പാക്കുമെന്ന് കെ.എസ്.ഇ.ബി

SHARE THIS ON

പത്തനംതിട്ട: കൃത്യനിര്‍വ്വഹണത്തിനിടെ പൊതുജനങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പാക്കുമെന്ന് കെ എസ് ഇ ബി ലിമിറ്റഡ്. കഴിഞ്ഞ കൊല്ലം മാത്രം ഫീല്‍ഡ് ജീവനക്കാര്‍ക്കെതിരെ ഇരുപതിലേറെ ആക്രമങ്ങളുണ്ടായി. ആക്രമത്തിന് ഇരയാകുന്നവര്‍ക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്.

കൃത്യമായ ജോലി സമയം പോലും നോക്കാതെ രാവും പകലും പ്രകൃതിക്ഷോഭമുള്‍പ്പെടെ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കെ എസ് ഇ ബി ഫീല്‍ഡ് ജീവനക്കാര്‍. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതിനാല്‍ത്തന്നെ അപകടകരമായ പ്രവര്‍ത്തന മേഖലയാണിത് എന്ന സവിശേഷതയുമുണ്ട്.

അതിക്രമങ്ങള്‍ക്കിരയാകുന്ന ജീവനക്കാര്‍ക്ക് പരിക്ക് സാരമല്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലും മാരകമാണെങ്കില്‍ ജില്ലയിലെ സ്വകാര്യ സ്പെഷ്യാല്‍റ്റി ആശുപത്രിയിലും ചികിത്സ ഉറപ്പാക്കും. ചികിത്സയുടെ എല്ലാ ചെലവും കെ എസ് ഇ ബി വഹിക്കും. കോടതി വ്യവഹാരങ്ങളില്‍ ആവശ്യമെങ്കില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനവും ഉറപ്പാക്കും. ജീവനക്കാര്‍ക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സി എം ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!