ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം

തെഹ്റാൻ: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.
മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സും അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. സംഭവത്തിൽ, ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ.

