ഹെലിക്കോപ്റ്ററിൽ രാജ്യംവിട്ട് ഷെയ്ഖ് ഹസീന; ഇന്ത്യയിലേക്കെന്നും ലണ്ടനിലേക്കെന്നും അഭ്യൂഹങ്ങൾ

ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായതിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യാത്രതിരിച്ചത് ഇന്ത്യയിലേക്കെന്ന് സൂചന. മിലിട്ടറി ഹെലികോപ്ടറിലാണ് അവര്‍ ‘സുരക്ഷിതസ്ഥാന’ത്തേക്ക് പുറപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലണ്ടനിലേക്കാണ് അവര്‍ പോയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ – ന്യൂസ് 18-നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷെയ്ഖ് ഹസീന രാജിവെച്ചുവെന്നും സൈന്യം അധികാരം ഏറ്റെടുക്കാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന്‍ സിഎന്‍എന്നിനോട് പറഞ്ഞു.
ഹസീനയുടെ രാജിക്ക് പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിക്ക് മുന്‍പില്‍ തടിച്ചുകൂടിയത്. സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇത് രാജ്യമൊട്ടാകെ വ്യാപിച്ചതോടെയാണ് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്.
അതിനിടെ, ത്രിപുരയിലെ അഗര്‍ത്തലയിലേക്കാണ് ഷെയ്ഖ് ഹസീന വരുന്നതെന്ന് ബി.ബി.സി. ബംഗ്ലാ റിപ്പോര്‍ട്ടുചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, ഷെയ്ഖ് ഹസീന രാജ്യംവിട്ടകാര്യം കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്നും കരസേനാ മേധാവി വാക്കുര്‍ ഇസ് സമാന്‍ അവകാശപ്പെട്ടതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘രാജ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഹസീന രാജ്യംവിട്ടുകഴിഞ്ഞു. രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ ഉണ്ടാകും. രാജ്യം കുറേയെറെ സഹിച്ചു. സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായി. നിരവധിപേര്‍ മരിച്ചു. അതിനാല്‍ അക്രമം അവസാനിപ്പിക്കാന്‍ സമയമായി. സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റുമായും പ്രതിപക്ഷവുമായും പൊതുസമൂഹത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച ചെയ്താവും ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുക’ – കരസേനാ മേധാവി വ്യക്തമാക്കി.
ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് കരസേനാ മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന സഹോദരിക്കൊപ്പം ഹെലിക്കോപ്റ്ററിലാണ് രാജ്യംവിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇടക്കാല സര്‍ക്കാരിനെ നയിക്കുക കരസേനാ മേധാവി ആയിരിക്കുമോ എന്നകാര്യത്തിലും വ്യക്തത വന്നിട്ടില്ല.

