ആറ് രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യു എ ഇ വിദേശ കാര്യ മന്ത്രാലയം

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ആറ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൂടി ഓൺ അറൈവൽ വിസ (Visa on Arrival) ആനുകൂല്യം വിപുലീകരിച്ചു. ഇൻഡോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സാധാരണ പാസ്പോർട്ട് കൈവശമുള്ളവർക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുക. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, യുണൈറ്റഡ് കിങ്ഡം, സിംഗപ്പൂർ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് അല്ലെങ്കിൽ കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസ് പെർമിറ്റ് ഉള്ളവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്.
ഈ പുതിയ ഭേദഗതി പ്രകാരം യോഗ്യരായ യാത്രക്കാർക്ക് അവരുടെ കൂടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പം 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ വിസ ഓൺ അറൈവൽ സ്വന്തമാക്കാൻ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) വ്യക്തമാക്കിയതനുസരിച്ച് 14 ദിവസത്തെ വിസയ്ക്ക് 100 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹവുമാണ് ഇഷ്യൂവൻസ് ഫീസായി ഈടാക്കുക. 14 ദിവസത്തെ വിസ യു എ ഇ യിൽ ആയിരിക്കുമ്പോൾ തന്നെ ഒരു തവണ കൂടി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസ ഒറ്റത്തവണ താമസത്തിനായി മാത്രമാണ് അനുവദിക്കുന്നത്, ഇത് നീട്ടിനൽകില്ല. വിസ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം ഓവർസ്റ്റേ ഫൈൻ ഈടാക്കുമെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ ഫ്ലെക്സിബിൾ എൻട്രി ആൻഡ് റസിഡൻസി പ്രോഗ്രാമുകളുടെ ഭാഗമായാണ് പുതിയ തീരുമാനം. വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുന്നതിനും ഈ നടപടി സഹായകരമാകും. ഒപ്പം യു എ ഇ യുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം, ലോകോത്തര വിനോദസഞ്ചാര മേഖലകൾ, ചലനാത്മകമായ സമ്പദ്വ്യവസ്ഥ, മികച്ച ബിസിനസ്സ് അന്തരീക്ഷം എന്നിവ അനുഭവവേദ്യമാക്കാൻ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ഇത് നൽകും.
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനും കോൺസുലർ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി പ്രസക്തമായ ദേശീയ അതോറിറ്റികളുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ബിസിനസ്സ്, നിക്ഷേപം, സംരംഭകത്വം എന്നിവയ്ക്കുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യു എ ഇ യുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ പുതിയ വിസ നിയമ പരിഷ്കാരങ്ങൾ സഹായിക്കും.

