ലോകത്തിലെ ഏറ്റവും മനോഹര ലൈബ്രറികളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍ നാഷണല്‍ ലൈബ്രറി

ദോഹ: ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയില്‍ ഇടം നേടി ഖത്തർ നാഷണല്‍ ലൈബ്രറി. അറബ് ലോകത്തെ തന്നെ ഏറ്റവും സുപ്രധാന ലൈബ്രറികളില്‍ ഒന്നാണിത്.
വായനാപ്രിയരുടേയും വിദ്യാർത്ഥികളുടേയും ഗവേഷകരുടെയുമെല്ലാം പ്രിയപ്പെട്ട ഇടമായ ഖത്തർ നാഷണല്‍ ലൈബ്രറി ഒരു പ്രധാന സന്ദർശക ഇടം കൂടിയാണ്.
ഖത്തറി സംസ്‌കാരവും പൈതൃകവും ആധുനിക സംവിധാനങ്ങളും ഒത്തുചേർന്ന മനോഹര നിർമിതിയാണ് ഖത്തറിന്റെ ഈ ദേശീയ ലൈബ്രറി. വാസ്തുവിദ്യയില്‍ അത്യാധുനിക സാങ്കേതികവിദ്യയും സുസ്ഥിര സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഖത്തർ നാഷനല്‍ ലൈബ്രറി രൂപകല്‍പന ചെയ്തത് വിഖ്യാത ഡച്ച് ആർക്കിടെക്റ്റ് രെം കൂല്‍ഹാസാണ്. രണ്ട് കടലാസ് കഷണങ്ങള്‍ മടക്കിയുണ്ടാക്കിയ ഷെല്‍ പോലുള്ള ഘടന ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ ആകർഷണീയമാണ്.
15 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട് ഇവിടെ. പ്രധാനമായും അറബി, ഇംഗ്ലീഷ് ഭാഷകളിലാണെങ്കിലും മലയാളം ഉള്‍പ്പെടെ ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളുമുണ്ട്. പ്രത്യേക ഗവേഷണ സൗകര്യങ്ങള്‍, വിശാല വായനശാല, പൈതൃക ലൈബ്രറി
തുടങ്ങിയവ ഖത്തർ നാഷനല്‍ ലൈബ്രറിയുടെ സവിശേഷതകളാണ്. പൈതൃക ലൈബ്രറിയില്‍ അറബ്, ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളുടെ ശേഖരങ്ങള്‍ തന്നെയുണ്ട്. കുട്ടികളുടെ ലൈബ്രറി, കമ്ബ്യൂട്ടർ ലാബുകള്‍, വർക്കിംഗ് പ്ലേസ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷൻ സംവിധാനങ്ങള്‍, റെസ്റ്റോറന്റ്, കഫേ തുടങ്ങി വിപുല സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സൗജന്യമായി ഓണ്‍ലൈൻ റിസോഴ്‌സ് നല്‍കുന്നതിലും ഖത്തർ നാഷണല്‍ ലൈബ്രറി മറ്റു സ്ഥാപനങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ്. ലൈബ്രറിയുടെ ഇ-ബുക്കുകള്‍ക്കും ഓഡിയോബുക്കുകള്‍ക്കും നിരവധി ഉപഭോക്താക്കളാണുള്ളത്. 2014ല്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറി മിഡിലീസ്റ്റിലെയും മറ്റും ഇസ്‌ലാമിക് പണ്ഡിതന്മാർക്ക് മൂല്യമേറിയ റിസോഴ്‌സായി മാറിക്കഴിഞ്ഞു.
ഒരു ലൈബ്രറി എന്ന നിലയിലുള്ള പ്രവർത്തനത്തിനപ്പുറം ഖത്തറിന്റെ സാംസ്‌കാരിക നാഴികക്കല്ലാണ് ഖത്തർ നാഷണല്‍ ലൈബ്രറി. ഒപ്പം വിദ്യാഭ്യാസം, അറിവ്, നൂതനത്വം എന്നിവയോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ്.

