KSDLIVENEWS

Real news for everyone

ചെർക്കള-ചട്ടഞ്ചാൽ ദേശീയ പാതയിൽ ബസിന് വിലക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

SHARE THIS ON

ചെർക്കള: കുന്നിടിച്ചിൽ ഭീതിയെത്തുടർന്ന് ദേശീയപാതയിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നാട്ടുകാർക്ക് ദുരിതമാകുന്നു. ചട്ടഞ്ചാൽ ഭാഗത്തുനിന്നുള്ള ബസുകളിൽ ചെർക്കളയിലെത്തി മുള്ളേരിയ, ബദിയഡുക്ക ഭാഗങ്ങളിലും മറ്റും പോകുന്നവരാണ് ഏറെ ധനനഷ്ടവും സമയനഷ്ടവും സഹിക്കുന്നത്.

കളക്ടറേറ്റിലേക്കും കോടതികളിലേക്കും പോകുന്ന ജീവനക്കാർ, കാസർകോട് ഗവ. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഏറെ പ്രയാസത്തിലാണ്. ചട്ടഞ്ചാലിൽ ഇറങ്ങി പല ജീവനക്കാരും ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് ചെർക്കളയിൽ എത്തുന്നത്. 130 രൂപയോളമാണ് ഓട്ടോറിക്ഷകൾക്ക് നൽകേണ്ടത്. ദേളി വഴി കാസർകോട്ടേക്ക് വന്ന് വീണ്ടും ബസുകളിൽ ചെർക്കളയിലെത്തുമ്പോഴേക്കും ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിനെത്തുടർന്ന് ഒന്നരമണിക്കൂറിലേറെ വേണ്ടിവരുന്നെന്നാണ് യാത്രക്കാർ പറയുന്നത്.

കഴിഞ്ഞ അഞ്ചിന് വൈകീട്ട് മുതലാണ് ചെർക്കളയിലും ചട്ടഞ്ചാലിലും പോലീസുകാരെ നിർത്തി ഗതാഗതം തിരിച്ചുവിട്ടത്. റോഡിന്റെ ഇടതുഭാഗം ഇടിഞ്ഞതോടെ വലതുഭാഗത്ത് കുന്നിടിച്ച് താഴ്ത്തി റോഡിന്റെ വീതികൂട്ടുന്നതിന് തൊട്ടടുത്ത ദിവസം മുതൽതന്നെ ശ്രമം നടത്തിയിരുന്നു. റോഡ് വീതികൂട്ടി വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് പത്ത് ദിവസത്തോളം വേണ്ടിവരുമെന്നാണ് നിർമാണ കമ്പനി അധികൃതർ പറഞ്ഞിരുന്നത്. അശാസ്ത്രീയമായ കുന്നിടിക്കലിനെത്തുടർന്ന് നിരവധി കുടുംബങ്ങൾ ഉപയോഗിച്ചുവന്നിരുന്ന മുകൾഭാഗത്തെ റോഡ് ഉൾപ്പെടെ ഇടിഞ്ഞു. മഴ അല്പം മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇടിഞ്ഞുനിൽക്കുന്നതിന്റെ മറുഭാഗത്ത് ഇടിച്ചിട്ടിരിക്കുന്ന മണ്ണ് നീക്കിയാൽ ബസ് ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!