ചെർക്കള-ചട്ടഞ്ചാൽ ദേശീയപാതയിൽ ഇന്നുമുതൽ ബസുകൾ ഓടും; വേഗം 30 കിലോമീറ്റായി പരിമിതപ്പെടുത്തും

ചെർക്കള: ദേശീയപാതയിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ കുന്നിടിഞ്ഞതിനെത്തുടർന്ന് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ ബസുകൾ കടത്തിവിടും. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകിട്ട് സ്ഥലം സന്ദർശിച്ചശേഷമാണ് ബസുകൾ കടത്തിവിടാൻ തീരുമാനിച്ചത്.
കുന്നിടിയൽ ഭീതിയെത്തുടർന്ന് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കിനെത്തുടർന്നുള്ള യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് മാതൃഭൂമി തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. വാർത്തയ്ക്ക് പിന്നാലെ ബസുടമ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് ഭാരവാഹികളായ സി.എ.മുഹമ്മദ് കുഞ്ഞി, രാജൻ അക്ഷയ തുടങ്ങിയവർ കളക്ടറെ കണ്ട് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ബസുകൾ കടത്തിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചെങ്കള ഗ്രാമപ്പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. ചെങ്കള മേഖല കമ്മിറ്റി പ്രസിഡന്റ് ബി.എസ്.രാഗേഷ്, സെക്രട്ടറി ആഷിത്ത് ബേർക്ക, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.വി.ബാൽരാജ് എന്നിവരും തിങ്കളാഴ്ച രാവിലെ കളക്ടറെ കണ്ട് ബസുകളുടെ യാത്രാവിലക്കിനെത്തുടർന്ന് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ പഠനം മുടങ്ങുന്നതായും മറ്റ് യാത്രക്കാരും പ്രയാസമനുഭവിക്കുന്നതായും ധരിപ്പിച്ചിരുന്നു.
കളക്ടർക്കൊപ്പം എ.ഡി.എം. പി.അഖിൽ, ദേശീയപാത നിർമാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷൻ ജനറൽ മാനേജർ വെങ്കിട്ടരാമൻ, കൺസ്ട്രക്ഷൻ കമ്പനി വിജിലൻസ് തലവൻ അബ്ദുൾ നിസാർ, എൻജിനീയർ സിറാജ്, ജില്ലാ ജിയോളജിസ്റ്റ് വിജയ, ചെങ്കള ഗ്രാമപ്പഞ്ചായത്തംഗം പി.ശിവപ്രസാദ് തുടങ്ങിയവരുമുണ്ടായിരുന്നു.
വേഗം 30 കിലോമീറ്റായി പരിമിതപ്പെടുത്തും
: ചെർക്കള-ചട്ടഞ്ചാൽ ദേശീയപാതയിൽ ബസുകളുടെ വേഗം 30 കിലോമീറ്ററായി പരിമിതപ്പെടുത്തും. ഭാരവാഹനങ്ങൾ കടത്തിവിടില്ല. കുന്നിടിച്ചിൽ ഭീതി നിലനിൽക്കുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ദേശീയപാതയിൽ രാത്രിയിൽ വെളിച്ചസംവിധാനം ഉറപ്പുവരുത്തും. സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ താത്‌കാലിക കവചമൊരുക്കും. നിർമാണക്കമ്പനി ജീവനക്കാരെ മണ്ണിടിച്ചിൽ ഭീതിയുള്ള സ്ഥലങ്ങളിൽ നിയോഗിക്കും തുടങ്ങിയ തീരുമാനങ്ങളും കൈകൊണ്ടിട്ടുണ്ട്.
ചെങ്കള വി.കെ.പാറ കുണ്ടടുക്കത്ത് കോൺക്രീറ്റ് പാർശ്വഭിത്തി നിർമാണത്തിനായി കുഴിയെടുത്തിരുന്നു. ശക്തമായ മഴ തുടരുന്നതിനിടെയായിരുന്നു കുഴിയെടുത്തത്. ഇതിന് മുകൾഭാഗത്ത് ദേശീയപാതയോടുചേർന്ന ഭാഗം ആറുമീറ്ററിലേറെ നീളത്തിൽ 12 മീറ്ററോളം താഴേക്ക് ഇടിഞ്ഞു.
ഇടിഞ്ഞ ഭാഗത്തുകൂടി മഴവെള്ളം ഒലിച്ചിറങ്ങിയതും കൂടുതൽ ഇടിഞ്ഞേക്കുമെന്ന ഭീതി ഉയർത്തി. ഇതേത്തുടർന്നാണ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

