KSDLIVENEWS

Real news for everyone

ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ; ഡയറിയിലെ പേജ് കീറിയെന്ന് കുടുംബം

SHARE THIS ON

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. സംഘം. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടിയാണ് സി.ബി.ഐ. സംഘം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം നീണ്ടു. അറസ്റ്റിലായ സഞ്ജയ് റോയ് യഥാര്‍ഥ കുറ്റവാളി ആയിരിക്കില്ലെന്നായിരുന്നു ഡോക്ടറുടെ കുടുംബം സി.ബി.ഐ. സംഘത്തോട് പറഞ്ഞത്. ഇനി സഞ്ജയ് ഈ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുപലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും കുടുംബം ആരോപിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നേരത്തെ ശേഖരിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം കഴിഞ്ഞദിവസം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊലപാതകം നടന്ന ഓഗസ്റ്റ് ഒന്‍പതാം തീയതിയിലെയും തലേദിവസത്തെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസ് നേരത്തെ ശേഖരിച്ചിരുന്നത്. ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കും വൈകീട്ട് ആറുമണിക്കും പിന്നീട് രാത്രി 11 മണിക്കും പ്രതി ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഓഗസ്റ്റ് ഒന്‍പതാം തീയതി പുലര്‍ച്ചെ നാല് മണിക്കും പ്രതി ആശുപത്രി കെട്ടിടത്തില്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്നാണ് നിലവിലെ നിഗമനം.

അതിനിടെ, കൊല്ലപ്പെടുന്നതിന് മുന്‍പ് ഡോക്ടറുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും സി.ബി.ഐ. ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടറുടെ സ്വകാര്യ ഡയറി, ഫോണ്‍വിളി വിവരങ്ങള്‍, ഫോണ്‍സന്ദേശങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് സി.ബി.ഐ. സംഘം ‘സൈക്കോളജിക്കല്‍ ഓട്ടോപ്‌സി’ നടത്തുന്നത്. ഇതിനായി ഡോക്ടറുടെ കുടുംബം സ്വകാര്യ ഡയറി അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം സി.ബി.ഐ.ക്ക് കൈമാറി. അതേസമയം, നേരത്തെ പോലീസ് സംഘം ഡയറിയിലെ ചില പേജുകള്‍ കീറിയെടുത്തെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത സംഭവം: അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലായേക്കും, കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണിക്കും. സി.ബി.ഐ. ഏറ്റെടുത്ത അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിച്ചേക്കും. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. സി.ബി.ഐ.യില്‍നിന്ന് അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് തേടിയേക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മണിപ്പൂരിലെ സംഘര്‍ഷം ഉള്‍പ്പെടെ പലവിഷയങ്ങളിലും അന്വേഷണമേല്‍നോട്ടത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം 13-നാണ് കേസന്വേഷണം കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!