നികുതിവെട്ടിച്ച് കാർ രജിസ്ട്രേഷൻ; സുരേഷ് ഗോപിയെ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
2010 ജനുവരി 28-ന് ആഡംബര കാർ നോട്ടറിയുടെ വ്യാജരേഖ ചമച്ച് തയ്യാറാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തെന്ന് ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഹർജി.
കേസ് റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം നേരത്തേ എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് റദ്ദാക്കി കേസിൽനിന്ന് വിടുതൽ നൽകണമെന്നാണ് ആവശ്യം.
പുതുച്ചേരിയിൽ 2009 മുതൽ വീട് വാടകയ്ക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന കൃഷിഭൂമിയുണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നു. കാർ കേരളത്തിൽ രജിസ്ട്രേഷൻ നടത്താത്തതിനാൽ 3.60 ലക്ഷം രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്നാണ് കേസ്. മേൽവിലാസം കേരളത്തിലായതുകൊണ്ട് ഇവിടെ നികുതി അടയ്ക്കണമെന്ന വാദം നിയമവിരുദ്ധമാണെന്നതടക്കമാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

