വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പരിശോധിക്കില്ല

തിരുവനന്തപുരം: മൂന്നുദിവസങ്ങളിലായി സിനിമാരംഗത്തെ ഒട്ടേറെ സ്ത്രീകൾ ലൈംഗികപീഡന ആരോപണങ്ങളുമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഐ.ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും. നാല് ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കില്ല.
റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് തുടങ്ങിയവർക്കുനേരേ ഉയർന്ന ആരോപണങ്ങളിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടോടെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ പ്രഖ്യാപനവും വന്നു.
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിനിമാരംഗത്തെ ചില വനിതകൾ ദുരനുഭവങ്ങൾ വിവരിക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഇത്തരം പരാതികളും വെളിപ്പെടുത്തലും അന്വേഷിക്കാനാണ് സംഘമെന്നും വ്യക്തമാക്കി.
ഡി.ഐ.ജി. എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാനച്ചുമതലയുള്ള എ.ഐ.ജി. അജിത്ത് വി., ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനൻ എന്നിവരാണ് സംഘാംഗങ്ങൾ.
പീഡനക്കഥകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൊഴിനൽകിയവർ ആരെങ്കിലും പരാതിയുന്നയിച്ചാൽ കേസെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിലെ വിമർശനത്തെ സർക്കാർ നേരിട്ടത് ‘വ്യക്തിപരമായ സ്വകാര്യത’ ചൂണ്ടിക്കാട്ടിയായിരുന്നു.
എന്നാൽ, ചലച്ചിത്ര അക്കാദമി അധ്യക്ഷനുനേരേ വരെ ആരോപണങ്ങളുയർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. പിന്നാലെ, നടിമാരുടെ തുറന്നുപറച്ചിലുകൾ വന്നിട്ടും ഡി.ജി.പി.ക്ക് 11 പരാതികൾ ലഭിച്ചിട്ടും പോലീസ് അനങ്ങിയില്ല. ഒടുവിൽ, സി.പി.എം. എം.എൽ.എ. മുകേഷ് ഉൾപ്പെടെയുള്ളവർക്കുനേരേ ആരോപണമുയർന്നു. തുടർന്നാണ് നടപടി. ഇപ്പോൾ ലഭിച്ച പരാതികൾ മുഴുവൻ അന്വേഷണസംഘത്തിന് കൈമാറും.
അന്വേഷണസംഘത്തിന്റെ ദൗത്യം ഇങ്ങനെ
നടിമാരുടെ വെളിപ്പെടുത്തലുകൾ പരിശോധിക്കും
ആരോപണമുന്നയിച്ചവരുടെ മൊഴിയെടുക്കും
പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുത്ത് തുടർനടപടി.

