KSDLIVENEWS

Real news for everyone

606 നഗരങ്ങളിലേക്ക് പറന്ന് യു.എ.ഇ. വിമാനക്കമ്പനികൾ; പ്രവർത്തനം വിപുലീകരിക്കും

SHARE THIS ON

അബുദാബി: യു.എ.ഇ.യുടെ ദേശീയ വിമാനക്കമ്പനികൾ പ്രവർത്തനം വിപുലീകരിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.). ലോകത്തെ പ്രധാന ആഗോള ടൂറിസം കേന്ദ്രമെന്നനിലയിൽ യു.എ.ഇ.യുടെ പേരും പ്രശസ്തിയും വർധിച്ചതോടെയാണ് വിമാനക്കമ്പനികളും പ്രവർത്തനം വികസിപ്പിക്കുന്നത്. നിലവിൽ ചരക്കുഗതാഗതം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 606 നഗരങ്ങളിലേക്കാണ് യു.എ.ഇ.യുടെ ദേശീയ വിമാനക്കമ്പനികൾ പറക്കുന്നത്. 2023-ൽ 586 നഗരങ്ങളിലേക്കായിരുന്നു സർവീസ് നടത്തിയിരുന്നത്. 3.4 ശതമാനമാണ് വർധന.

വർഷത്തിൽ ഏറ്റവും കുറഞ്ഞത് 14 കോടിയാളുകളെങ്കിലും യു.എ.ഇ. എയർലൈനുകളെ ആശ്രയിക്കുന്നുണ്ടെന്ന് ജി.സി.എ.എ അധികൃതർ വിശദീകരിച്ചു. യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനികളിൽ എമിറേറ്റ്‌സ് 144 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഇത്തിഹാദ് -79 നഗരങ്ങൾ, ഫ്‌ളൈ ദുബായ് -125 നഗരങ്ങൾ, എയർ അറേബ്യ -218 നഗരങ്ങൾ, വിസ് എയർ അബുദാബി -40 നഗരങ്ങൾ എന്നിങ്ങനെയാണ് മറ്റു കന്പനികളുടെ കണക്ക്.

ഇത്തിഹാദ് എയർവേസ് 2030-ഓടെ 125 നഗരങ്ങളിലേക്കുകൂടി സർവീസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂട്ട് ശൃംഖല വിപുലീകരിക്കും. വിപുലീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഇത്തിഹാദ് വക്താവ് അറിയിച്ചു. ഏഷ്യക്കും യൂറോപ്പിനുമിടയിലായിരിക്കും കൂടുതൽ വിമാനങ്ങൾ പുതുതായി സർവീസ് നടത്തുക. ഇതിലൂടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 3.3 കോടിയിലേറെയാക്കും.

കഴിഞ്ഞ വർഷം ലിസ്ബൺ, കോപ്പൻഹേഗൻ, കൊൽക്കത്ത, ഒസാക്ക എന്നിവയുൾപ്പെടെ 15 പുതിയ റൂട്ടുകൾ ആരംഭിച്ചിരുന്നു. ഈ വർഷവും പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കും. ഒക്ടോബറിൽ തായ്‌ലൻഡിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ 41 ആയി വർധിപ്പിക്കും. ഡിസംബർ 15-ന് നെയ്റോബിയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.

ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇത്തിഹാദ് എയർവേസ് ഒരു കോടിയിലേറെ യാത്രക്കാർക്ക് സേവനം നൽകി. ജൂലായ് അവസാനത്തോടെ 93 വിമാനങ്ങളായി വർധിപ്പിക്കുകയും ചെയ്തു. 2023 ജൂലായിൽ 78 വിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 85.1 കോടി ദിർഹത്തിന്റെ നികുതിക്ക് ശേഷമുള്ള അറ്റാദായം നേടി. വരുമാനം 21 ശതമാനം വർധിച്ച് 1170 കോടി ദിർഹമായി.

എമിറേറ്റ്‌സ് എയർലൈൻസിന്റെ നവീകരിച്ച ബോയിങ് 777 വിമാനം ഒക്ടോബർ ആദ്യം സൂറിച്ചിലേക്കും റിയാദിലേക്കും പറന്നുതുടങ്ങും. തുടർന്ന് ജനീവയിലും ബ്രസ്സൽസിലും പ്രവർത്തനം വ്യാപിപ്പിക്കും. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി 300 കോടി ഡോളറിലേറെ ചെലവ് വരുന്ന 80 ബോയിങ് 777 വിമാനങ്ങളുടെ നവീകരണവും പൂർത്തിയായിവരികയാണ്.

ഫ്‌ളൈ ദുബായിയുടെ 88 ബോയിങ് 737 വിമാനങ്ങൾ ആഫ്രിക്ക, മധ്യ ഏഷ്യ, മധ്യ-തെക്കുകിഴക്കൻ യൂറോപ്പ്, ജി.സി.സി., മിഡിലീസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ 58 രാജ്യങ്ങളിലായി 125 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഏഴ് വിമാനങ്ങൾകൂടി പുതുതായി ഇറക്കും. കൂടാതെ 130-ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കുകയും കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കുകയും ചെയ്യും.

2024-ന്റെ ആദ്യ പകുതിയിൽ 69.3 കോടി ദിർഹം ആയിരുന്നു എയർഅറേബ്യയുടെ നികുതി കഴിഞ്ഞുള്ള അറ്റാദായം. കൂടാതെ ഈ വർഷം ആദ്യ ആറുമാസം 89 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്തു. മുൻ വർഷത്തേക്കാൾ 16 ശതമാനം വർധന രേഖപ്പെടുത്തി. നിലവിൽ 40 നഗരങ്ങളിലേക്കാണ് വിസ് എയർ അബുദാബി പറക്കുന്നത്. പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!