മുകേഷ് രാജിവെക്കുമോ എന്ന് ചോദ്യം, സമാന ആരോപണം നേരിടുന്ന രണ്ട് കോണ്ഗ്രസ് എം.എൽ.എമാരുണ്ടല്ലോ എന്ന് ഇപി

കൊല്ലം: ലൈംഗികാരോപണം നേരിടുന്ന നടനും എംഎൽഎയുമായ എം മുകേഷിനെ തള്ളാതെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം കേരള സംസ്കാരത്തെയും കേരളത്തിന്റെ കലയെയും സിനിമയെയും അപകീർത്തിപ്പെടുത്തി ലോകത്തിനു മുന്നിൽ ഇടിച്ചുതാഴ്ത്തരുതെന്നും പറഞ്ഞു. മുകേഷ് രാജിവെക്കുമോയെന്ന ചോദ്യത്തിന് എല്ലാ എം.എൽ.എമാർക്കും നിയമങ്ങളും ചട്ടങ്ങളും ഒരുപോലെ ബാധകമാണെന്നും സമാന ആരോപണം നേരിടുന്ന രണ്ടു കോൺഗ്രസ് എം.എൽ.എമാരുണ്ടല്ലോ, അവർ രാജിവെക്കണമെന്ന വാദം ഉന്നയിക്കാതെ അതു മറച്ചുവയ്ക്കരുതെന്നും ഇ.പി. മറുപടി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് കർക്കശ നിലപാടെടുത്തു. ഹേമാകമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നടപടികൾക്കനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. ധാർമികതയും നീതിയും സ്ത്രീസംരക്ഷണവും ഉയർത്തിപിടിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. അതിനനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിക്കും. സർക്കാർ ശരിയെ ചെയ്യുകയുളളൂ കാത്തിരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

