കളമശ്ശേരിയില്‍ കണ്ടക്ടറെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയില്‍; കൊലയ്ക്കു കാരണം വ്യക്തിവൈരാഗ്യം

കൊച്ചി: കളമശ്ശേരിയില്‍ ബസ്സില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ കൂടെ താമസിച്ചിരുന്ന യുവതിയുമായി മരിച്ച അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനിൽ വെച്ചാണ് അക്രമം നടന്നത്. മിനൂപ് ബസ്സിൽ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നു. ഇതിനുശേഷം എച്ച്.എം.ടി. കവലക്കടുത്തുള്ള ജുമാമസ്ജിന് സമീപത്തെ റോഡിലൂടെ അനീഷിനെ കുത്തിയ കത്തിയുമായി പ്രതി മൂലേപ്പാടം ഭാഗത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു
ഹിദായത്ത് ഗ്രൂപ്പിൻറെ അസ്ത്ര ബസിലെ കണ്ടക്ടറാണ് അനീഷ്. കാക്കനാട് നിന്ന് സർവീസ് നടത്തുന്ന ബസ് ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് എച്ച്.എം.ടി. കവലയിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ് പതിവ്. ഇവിടെ അനീഷ് ബസ്സിൽനിന്ന് യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുമ്പോഴാണ് മാസ്ക് ധരിച്ചെത്തിയ പ്രതി കത്തിയുമായി ഓടിക്കയറി അനീഷിൻ്റെ നെഞ്ചിൽ കുത്തിയത്. വീണ്ടും കുത്താനുള്ള പ്രതിയുടെ ശ്രമത്തെ അനീഷ് തടുത്തതോടെ കയ്യിലും കഴുത്തിലും മുറിവേറ്റു.
കുത്തേറ്റ അനീഷിനെ ബസ് ഡ്രൈവർ നൗഷാദും എച്ച്.എം.ടി.കവലയുള്ള ഓട്ടോറിക്ഷ ഡ്രൈവറും കൂടി ഓട്ടോറിക്ഷയിൽ കളമശ്ശേരിയിലെ എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചായത്ത് പുത്തൻ കോളനിയിൽ മറ്റത്തിൽ പീറ്റർ – ലിസി ദമ്പതികളുടെ മകനാണ് അനീഷ് . അവിവാഹിതനാണ്. ഏക സഹോദരൻ അജിത്.

