പോലീസിനും പി. ശശിക്കുമെതിരേ അങ്കംകുറിച്ച് അന്‍വര്‍; യഥാര്‍ഥത്തില്‍ അമ്പുകൊള്ളുന്നത് ആര്‍ക്ക്?

ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പിയ്ക്കെതിരേ സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും ഉള്‍പ്പെടെയുള്ള അതിഗുരുതര ആരോപണങ്ങള്‍.. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് രൂക്ഷവിമര്‍ശനം.. സകലരെയും ഞെട്ടിച്ച് ആരോപണങ്ങളുടെ അമ്പ് തൊടുത്തത് ഭരണകക്ഷി എം.എല്‍.എ. പി.വി. അന്‍വറും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരേ നിലമ്പൂര്‍ എം.എല്‍.എ. നടത്തിയ മിന്നലാക്രമണം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. സംസ്ഥാന പോലീസിലെ ഉന്നതനായ അജിത് കുമാര്‍, സ്വര്‍ണക്കടത്തിന്റെ തലവനാണെന്നും അദ്ദേഹത്തിന്റെ റോള്‍ മോഡല്‍ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകുന്നുവെന്നും അന്‍വര്‍ പറഞ്ഞു. എന്തായിരിക്കാം ഇത്രയും രൂക്ഷമായ ആക്രമണത്തിന് അൻവറിനെ പ്രേരിപ്പിക്കുന്നത്?
ഞാണ് വലിച്ചത് അന്‍വര്‍, അമ്പ് മിനുക്കിയത് ആര്?
അജിത് കുമാറിനെതിരേ കൊലപാതക ആരോപണം പോലും ഉന്നയിക്കുകയും അദ്ദേഹത്തിന്റെ രക്ഷകന് പി. ശശിയാണെന്ന് ആരോപിക്കുകയും ചെയ്തിരിക്കുകയാണ് അന്‍വര്‍. തീര്‍ന്നില്ല, എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍കോള്‍ ചോര്‍ത്താന്‍ അജിത്കുമാര്‍ സൈബര്‍ സെല്ലില്‍ സംവിധാനം ഒരുക്കിവെച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
ആഭ്യന്തര വകുപ്പിലെ തലമുതിര്‍ന്ന ഉദ്യോഗസ്ഥനെയും അതുവഴി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പ്രതിരോധത്തിലാക്കുകയാണ് അന്‍വര്‍. എന്നാല്‍, ഈ അതിരൂക്ഷ ആക്രമണവേളയിലും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതിരിക്കുക എന്ന അസാധാരണ മെയ്വഴക്കവും അന്‍വര്‍ കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നത് എന്താണ്, ഇത്തരം ഒരു നീക്കത്തിന് അന്‍വറിന് പിന്തുണ ലഭിക്കുന്നത് എവിടെനിന്ന്, ആരില്‍നിന്ന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.
മരംമുറി ആരോപണം, കുത്തിയിരിപ്പ് സമരം, ഓഡിയോ ക്ലിപ്…
സാമൂഹികമാധ്യമങ്ങളില്‍ എതിരാളികള്‍ക്കെതിരേ അല്പംപോലും ദയകാണിക്കാത്ത ആക്രമണരീതിയാണ് അന്‍വര്‍ കൈക്കൊള്ളാറ്. അതില്‍നിന്ന് അല്പം പോലും വ്യത്യസ്തമല്ല, അജിത് കുമാറിനെതിരായ ആക്രമണവും. അന്‍വറിന്റെ പുതിയ നീക്കത്തിന്റെ പ്രത്യക്ഷമായ നാൾവഴി ഇങ്ങനെയാണ്- മലപ്പുറം എസ്.പി. എസ്. ശശിധരനെതിരേ പൊതുവേദിയില്‍ വിമര്‍ശനം. അതിന് പിന്നാലെ മലപ്പുറം എസ്.പിയുടെ ഔദ്യോഗിക വസതിയുടെ ചുറ്റുവട്ടത്തെ മരങ്ങള്‍ മുറിച്ച് മുന്‍ എസ്.പി. എസ്. സുജിത്ദാസും (പത്തനംതിട്ടയിലെ ഇപ്പോഴത്തെ എസ്.പി.) ആര്. അജിത്കുമാറും വീട്ടുപകരണങ്ങള്‍ നിര്‍മിച്ചെന്ന ആരോപണവും പരാതിയും. മരങ്ങളുടെ കുറ്റികാണാന്‍ നേരിട്ടെത്തിയ അന്‍വറിനെ തടഞ്ഞ് സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരൻ. ഇതോടെ പിറ്റേന്ന് മലപ്പുറം എസ്.പിയുടെ ഔദ്യോഗിക വസതിക്ക് മുന്പില് കുത്തിയിരിപ്പ് സമരം. ഇതിന് പിന്നാലെ സുജിത് ദാസ്, അന്‍വറുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്.
അന്‍വറിനോട് കെഞ്ചുന്ന, മരംമുറിക്കലുമായി ബന്ധപ്പെട്ട് തനിക്കെതിരേ കൊടുത്ത പരാതി പിന്‍വലിക്കാന്‍ താണുകേഴുന്ന സുജിത് ദാസിന്റെ ഓഡിയോ പോലീസ് സേനയ്ക്ക് വരുത്തിവെച്ച നാണക്കേട് ചെറുതല്ല. എം.ആര്. അജിത്കുമാറിനെ ശക്തനാക്കുന്നത് പി. ശശിയുമായുള്ള അടുത്ത ബന്ധമാണെന്ന് ഓഡിയോയില്‍ സുജിത്ദാസ് അന്‍വറിനോട് പറയുന്നുണ്ട്.
എം.ആര്. അജിത് കുമാര്‍ എന്ന വിശ്വസ്തൻ
‘സര്‍ക്കാരിന്റെ വിശ്വസ്തന്’ എന്ന വിശേഷണമുണ്ടായിരുന്നു എം.ആര്. അജിത്കുമാറിന്. ഏറെ വിവാദമായ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലില്‍ എത്തി കസ്റ്റഡിയില്‍ എടുത്തത് അജിത് കുമാര്‍ ആയിരുന്നു. അന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നു അദ്ദേഹം. വെടിവെപ്പിന് പിന്നാലെ തീരം വിടാന്‍ കപ്പലിന് അവസരം നല്‍കാതെ നടപടികള്‍ ഏകോപിപ്പിച്ച അജിത് കുമാറിന് ഏറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ആരെയും കൂസാത്ത ഉദ്യോഗസ്ഥന് എന്നായിരുന്നു പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
1995 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അജിത് കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് 2022-ലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. എന്നാല്‍, വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്സ് ആപ്പിലേക്ക് എം.ആര്. അജിത് കുമാര്‍ പല തവണ വിളിച്ചുവെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന നടത്തിയ ആരോപണങ്ങളും പരാമര്‍ശങ്ങളും സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ച കാലമായിരുന്നു അത്.
വിഷയം വിവാദമായതോടെ അജിത് കുമാറിനെതിരേ അന്വേഷണം നടന്നു. അദ്ദേഹം ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ആ വ്യക്തിയുമായി ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നു അജിത് കുമാര്‍.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ എ.ഡി.ജി.പി. (പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്) പദവിയിലെത്തിയ അജിത് കുമാർ പിന്നീട് എ.പി. ബറ്റാലിയന് എ.ഡി.ജി.പിയായി. പിന്നീടാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനം ലഭിക്കുന്നത്.
ഇരുതലമൂർച്ചയുള്ള ആരോപണങ്ങൾ, നോവുന്നത് ആർക്കൊക്കെ?
പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനും എം.ആര്. അജിത് കുമാറിനുമെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണം പൊട്ടിക്കല്‍ ആരോപണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുറിവേല്പിക്കാന് പോന്ന ഇരുതലമൂർച്ചയുള്ള വാളാണ്. പ്രതിപക്ഷം സര്‍ക്കാരിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ച ഇ.പി. ജയരാജന് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. അതിന്റെ ബാക്കിപത്രമാകുമോ അന്‍വറിന്റെ ആരോപണങ്ങള്‍ എന്ന് കണ്ടുതന്നെ അറിയണം.
‘മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്. വിശ്വസിച്ച് ഏല്പിച്ചത് പി.ശശിയാണ്. ശശിക്ക് ഇതില്‍ പരാജയം സംഭവിച്ചു എന്നുതന്നെ കരുതേണ്ടിവരും’, എന്ന അന്‍വറിന്റെ വാക്കുകള്‍ പി. ശശിയെ പ്രതിരോധമുനയിലാക്കുന്നതാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ ബലാബലവും സമവാക്യങ്ങളും മാറിമറിയുന്ന കാലത്ത് പഴയ ജില്ലാ സെക്രട്ടറിക്ക് നേരെ ഉയരുന്ന വിമര്‍ശനത്തിന് മാനങ്ങളും വ്യാഖ്യാനങ്ങളും ഏറെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയം, സാമ്പത്തിക പ്രതിസന്ധി, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ഇ.പി. ജയരാജന്റെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം തെറിക്കല്‍… സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ ഉലഞ്ഞുനില്‍ക്കുന്ന സമയത്ത് വെട്ടിയ വെള്ളിടിയാണ് അന്‍വറിന്റെ ആരോപണങ്ങള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ച വേളയിൽ വലിയചര്ച്ചകള്ക്ക് വഴിവെക്കുന്ന ഈ സംഭവവികാസങ്ങള്‍ സി.പി.എമ്മില്‍ എന്ത് മാറ്റമാകും കൊണ്ടുവരിക? സ്ഥാനം നഷ്ടപ്പെട്ട ജയരാജന് അതേക്കുറിച്ചൊന്നും കാര്യമായി പ്രതികരിച്ചിട്ടുമില്ല. ‘ഇതാണ് തീരുമാനമെങ്കില്‍ ഞാനെന്റെ രാഷ്ട്രീയജീവിതവും മതിയാക്കാം’ എന്നായിരുന്നുസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം കൈക്കൊണ്ട ശനിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗത്തിൽ ജയരാജൻ നടത്തിയ വൈകാരിക പ്രതികരണം. അതിനിടെ,തന്റെ ആത്മകഥ പുറത്തിറക്കുമെന്നും എഴുത്തിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം ഞായറാഴ്ച പ്രതികരിക്കുകയും ചെയ്തിരുന്നു.

