KSDLIVENEWS

Real news for everyone

തുലാമഴ കനത്താല്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാകാം; മുണ്ടക്കൈ-ചൂരൽമല അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായേക്കും: ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

SHARE THIS ON

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ.

തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്‌ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി,
വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ, പെരുമഴ പെയ്താല്‍, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.

ഇത് മുന്നില്‍ കണ്ട് മതിയായ മുൻകരുതല്‍ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച, ഉരുള്‍പൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്ബോഴാണ്. ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്.2020ല്‍ ഉണ്ടായ ഉരുള്‍പൊട്ടലിൻ്റെ അവശിഷ്ടങ്ങള്‍ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ഇതിനോട് കൂടി ചേർത്തു വായിക്കണം ഐസർ മൊഹാലിയുടെ പഠനം.

പെട്ടിമുടി ദുരന്തത്തിൻറെ 35 ഇരട്ടി ആഘാതം കൂടിയതാണ് ഇക്കഴിഞ്ഞ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലെന്നും പഠനത്തിലുണ്ട്. ചാലിയാറിലെ വെള്ളത്തില്‍ ഉരുള്‍ അവിശിഷ്ടങ്ങളുടെ കലർപ്പ് വളരെ കൂടുതലായിരുന്നു. പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോയതിനാല്‍, പുഴയിലെ ജീവികളെ കാര്യമായി ബാധിച്ചിട്ടില്ല. നിലവില്‍ പുഞ്ചിരമിട്ടത്തും മുണ്ടക്കൈയിലും ചൂരല്‍മലയിലും സുരക്ഷിത താമസ സ്ഥലങ്ങള്‍ ഉണ്ടോ എന്നടക്കം പരിശോധിക്കുമ്ബോഴാണ് , മറ്റൊരു ദുരന്ത സാധ്യത ഐസർ പ്രവചിക്കുന്നത്. ഡോ.സജിൻ കുമാർ ഡോ. യൂനുസ് അലി പുല്‍പാടൻ, പ്രൊഫ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!