KSDLIVENEWS

Real news for everyone

58 റണ്‍സിന്റെ ദൂരം മാത്രം; സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടക്കാനൊരുങ്ങി വിരാട് കോലി

SHARE THIS ON

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19-ാം തീയതിയാണ് ബംഗ്ലാദേശിനെിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയിലേക്കാണ്. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലിയെ ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കാണാന്‍ സാധിക്കുക.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി എപ്പോഴും താരതമ്യത്തിന് വിധേയനാകാറുള്ള കോലിയുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോഡ് കോലി മറികടക്കുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്ന കാര്യം. 80 സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.

എന്നാല്‍ ബംഗ്ലാദേശ് പരമ്പരയ്ക്കിടെ സച്ചിന്റെ മറ്റൊരു റെക്കോഡ് കോലി മറികടന്നേക്കും. കരിയറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് കോലി. ഇതിനായി വെറും 58 റണ്‍സ്‌കൂടിയേ താരത്തിന് വേണ്ടുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോലിക്ക് സാധിക്കും. നിലവില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 623 (226 ടെസ്റ്റ് ഇന്നിങ്‌സ്, 396 ഏകദിന ഇന്നിങ്‌സ്, 1 ടി20) ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 27,000 റണ്‍സ് തികച്ചത്. കോലിക്ക് 591 ഇന്നിങ്‌സുകളില്‍ നിന്നായി 26,942 റണ്‍സുണ്ട്.

അതേസമയം അടുത്ത എട്ട് ഇന്നിങ്‌സുകള്‍ക്കുള്ളില്‍ 58 റണ്‍സ് നേടാന്‍ സാധിച്ചാല്‍ 147 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ 600 ഇന്നിങ്‌സിനുള്ളില്‍ 27,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോലിയെ കാത്തിരിപ്പുണ്ട്. സച്ചിനെ കൂടാതെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സ് തികച്ച താരങ്ങള്‍.

error: Content is protected !!