ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; 87 വഞ്ചനാ കേസിൽ പ്രതിയായ എം.സി ഖമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം’, പ്രതിഷേധ മാര്‍ച്ചുമായി നിക്ഷേപകര്‍

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 87 വഞ്ചന കേസുകളില്‍ പ്രതിയായ എം സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കില്‍ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത എണ്ണം ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം. ആഗസ്റ്റ് 27 നാണ് 3 നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീനെതിരെ ആദ്യത്തെ 3 വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസുകള്‍ കൂടിയതോടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചും പിന്നീട് എഎസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ 30 അംഗ പ്രത്യേക അന്വേഷണ സംഘവും ഏറ്റെടുത്തു.
എന്നാല്‍ രണ്ട് മാസമായിട്ടും മുഖ്യപ്രതികളായ എംസി കമറുദ്ദീന്‍ എംഎല്‍എയോ എംഡി പൂക്കോയ തങ്ങളെയോ ചോദ്യം ചെയ്യുക പോലുമുണ്ടായില്ല. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കില്‍ വലിയ അതൃപ്തിയെന്ന് നിക്ഷേപകര്‍. അതേ സമയം വഞ്ചന കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും.

