ചിന്തിക്കാനാവാത്ത പ്രത്യാഘാതമുണ്ടാവും: ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തില്‍ പ്രതികരിച്ച് ലോകം

ലെബനാനില്‍ പൂർണ്ണ രീതിയിലുള്ള യുദ്ധം തുടങ്ങാനുള്ള ഇസ്രായേല്‍ നീക്കത്തില്‍ മുന്നറിയിപ്പുമായി ലോകനേതാക്കള്‍.
ഗസ്സ യുദ്ധത്തിനിടയിലുള്ള ഇസ്രായേലിന്റെ ലെബനാൻ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച ഇസ്രായേല്‍ തുടങ്ങിയ ആക്രമണം ചൊവ്വാഴ്ചയും തുടരുകയാണ്. ഇതിനിടയിലാണ് മുന്നറിയിപ്പുമായി വിവിധ രാഷ്ട്രനേതാക്കള്‍ രംഗത്തെത്തിയത്.
ലബനാൻ ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതില്‍ 50 പേർ കുട്ടികളാണ്. 94 പേർ സ്ത്രീകളാണ്. 1835 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ് വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
വിവിധ നേതാക്കളുടെ പ്രതികരണം
യുണൈറ്റഡ് നേഷൻസ്
ലബനാനില്‍ ഉടലെടുത്ത സംഘർഷ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. വലിയ രീതിയില്‍ സാധാരണ പൗരൻമാർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ആശങ്കയുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക്കും പറഞ്ഞു.
ഇറാൻ
‘പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാൻ കാരണക്കാരാകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തില്‍ മുന്നോട്ട് പോകണം. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ പറഞ്ഞു.
ജോർദാൻ
ഇസ്രായേലിന്റെ ആക്രമണം തടയാൻ എത്രയും പെട്ടെന്ന് യു.എൻ സുരക്ഷാസമിതി ഇടപെടണമെന്ന് ജോർദാൻ ആവശ്യപ്പെട്ടു.
ഈജിപ്ത്
ലബനാന് പിന്തുണയറിയിക്കുകയാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഭീഷണികള്‍ മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഈജിപ്ത് പ്രകടിപ്പിച്ചിട്ടുണ്ട്.
യു.എസ്
രണ്ട് രാജ്യങ്ങളുമായി നിരന്തരം സമ്ബർക്കത്തിലാണെന്നും സംഘർഷം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ജി7
ആക്രമണവും തിരിച്ചടിയും മിഡില്‍ ഈസ്റ്റ് മുഴുവൻ സംഘർഷത്തിന്റേതായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് തുടങ്ങിയവർ പറഞ്ഞു.
യു.കെ
ഇസ്രായേലിനും ലബനാനും ഇടയില്‍ ഉടലെടുത്ത സംഘർഷം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയാറാവണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ഫ്രാൻസ്
ഇസ്രായേലിന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മേഖലയെ കൂടുതല്‍ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയല്‍ ബാരറ്റ് പറഞ്ഞു. ഇതിന് ഉടൻ അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

