വിലക്കയറ്റം :
ഉള്ളിയും തക്കാളിയും ആവശ്യപ്പെട്ട് മഹരാഷ്ട്രക്കും തമിഴ്നാടിനും മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നുമാണ് സംഭരിക്കുക.
ഇതിന്‍െറ ഭാഗമായി ഉല്പന്നങ്ങള് കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
സവാളയുടെയും മറ്റും വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

