KSDLIVENEWS

Real news for everyone

ഹൂതികള്‍ക്ക് സൂപ്പര്‍സോണിക് മിസൈലുകള്‍ നല്‍കാൻ റഷ്യ; ആയുധ ഇടപാടില്‍ ഇടനിലക്കാരായി ഇറാൻ

SHARE THIS ON

തെഹ്‌റാൻ/മോസ്‌കോ: യമനിലെ വിമത സായുധസംഘമായ ഹൂതികള്‍ക്ക് അത്യാധുനിക മിസൈലുകള്‍ നല്‍കാൻ റഷ്യ. കപ്പല്‍വേധ മിസൈലുകളാണ് ഹൂതികള്‍ക്കു നല്‍കുന്നത്.

ഇറാന്‍ ഇടനിലക്കാരായാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യയുമായി രഹസ്യ ചർച്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പി-800 ഓനിക്‌സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികള്‍ സ്വന്തമാക്കാനൊരുങ്ങുന്നത്. മാരക പ്രഹരശേഷിയുള്ള മിസൈലാണിത്. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുന്നതാകും പുതിയ ആയുധ ഇടപാട്. ഗസ്സ ആക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രായേല്‍ കപ്പലുകളെയും ഇസ്രായേലിലേക്കുള്ള ചരക്കുകപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.

ഹൂതികള്‍ക്കുള്ള മിസൈല്‍ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ തന്നെ ഹൂതികള്‍ക്ക് മിസൈല്‍ നല്‍കാൻ റഷ്യ ആലോചിച്ചിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ആുധങ്ങള്‍ നല്‍കാനും നീക്കമുണ്ടായിരുന്നു. എന്നാല്‍, പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നു നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇറാനാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു മേല്‍നോട്ടം വഹിക്കുന്നതെന്ന വിവരം ഇതാദ്യമായാണു പുറത്തുവരുന്നത്.

ഈ വർഷം രണ്ടു തവണ ഹൂതികളും റഷ്യൻ പ്രതിനിധികളും ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായാണു വിവരം. മിസൈല്‍ കൈമാറ്റം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയെന്ന് ‘ഇറാൻ ഇന്റർനാഷനല്‍’ റിപ്പോർട്ട് ചെയ്യുന്നു. 300 കി.മീറ്റർ ദൂരം വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഹൂതികള്‍ക്ക് കൈമാറാൻ ആലോചന നടക്കുന്നത്. വരും ദിവസങ്ങളിലും ഈ ചർച്ച തുടരുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.


ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയുധ ഇടപാടിനു കൂടുതല്‍ പ്രാധാന്യമേറുകയാണ്. റഷ്യ ഹൂതികള്‍ക്ക് യാക്കോന്റ് മിസൈലുകള്‍ നല്‍കിയാല്‍ അത് മേഖലയിലെ സുരക്ഷയെ ഒന്നാകെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനായ ഫാബിയൻ ഹിൻസ് ‘ഹാരെറ്റ്‌സി’നോട് പറഞ്ഞത്. ഹൂതികള്‍ ഇതുവരെ ഉപയോഗിച്ച മിസൈലുകളെക്കാള്‍ പ്രഹരശേഷിയുള്ളതാണ് പി-800. എന്നാല്‍, പശ്ചിമേഷ്യയിലെ യുഎസ് നിരീക്ഷണം കടന്ന് എങ്ങനെ മിസൈലുകള്‍ ഹൂതികള്‍ക്ക് കൈമാറാനാകുമെന്നാണ് ഹിൻസ് സംശയമുയർത്തുന്നത്. ഇതിനു പുറമെ മിസൈലുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും സംഘത്തിനു നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹൂതി ഭീഷണിയില്‍ കഴിഞ്ഞ നവംബർ മുതല്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചതോടെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് ശതകോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടല്‍ പാത ഒഴിവാക്കി എത്രയോ ദൂരം ചുറ്റിത്തിരിഞ്ഞാണ് ഇപ്പോള്‍ കപ്പലുകള്‍ ഇസ്രായേലിലെത്തുന്നത്. ഇതോടെ ഉപരോധം മറ്റു സമുദ്രപാതകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചരക്കുഗതാഗതത്തിനെതിരെയും ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അദാനി, അമ്ബാനി കമ്ബനികളെ ഉള്‍പ്പെടെ ഇതു വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ഈ മാസം ആദ്യത്തില്‍ മധ്യ ഇസ്രായേല്‍ ലക്ഷ്യമിട്ടും ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു. ലൂദിലെ ബെൻ ഗുരിയോൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്. ഹൈപ്പർസോണിക് മിസൈലാണ് ഇതെന്നാണ് ഹൂതികള്‍ പറയുന്നത്. അതിർത്തി കടന്നുമുള്ള ഹൂതി ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു.

ചെങ്കടലിലെ ഹൂതി ഭീഷണിയെ ചെറുക്കാൻ യുഎസിന്റെ നേതൃത്വത്തില്‍ 20 രാഷ്ട്രങ്ങള്‍ ചേർന്ന് നാവികസഖ്യം രൂപീകരിച്ചിരുന്നെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു. ചെങ്കടല്‍ മേഖലയിലുള്ള യൂറോപ്യൻ-യുഎസ് യുദ്ധക്കപ്പലുകളും ഹൂതി ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!