KSDLIVENEWS

Real news for everyone

ഹമാസ് കീഴടങ്ങണം, ഹിസ്ബുള്ളയെ ഇല്ലാതാക്കും; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് യു.എന്നിൽ നെതന്യാഹു

SHARE THIS ON

ന്യൂയോര്‍ക്ക്: ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടും. ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും. ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു.

‘കീഴടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടും. അതില്‍ മാറ്റമൊന്നുമില്ല. കിരാതന്മാരായ കൊലപാതകികള്‍ക്കെതിരെ ഞങ്ങള്‍ പ്രതിരോധിക്കും. ഞങ്ങളുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ മാത്രമല്ല, സ്വേച്ഛാധിപത്യത്തിന്റേയും ഭീകരതയുടേയും ഇരുണ്ടകാലത്തേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ഞങ്ങളുടെ ശത്രുക്കള്‍ ശ്രമിക്കുന്നത്’, നെതന്യാഹു പറഞ്ഞു.

ഹിസ്ബുള്ളയ്‌ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ഈ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്. ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവര ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ വര്‍ഷം പൊതുസഭയില്‍ സംസാരിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ് എന്റെ രാജ്യം. എന്നാല്‍, ഇവിടെ സംസാരിച്ചവരില്‍ പലരും ഞങ്ങള്‍ക്കെതിരെ നുണകളും അപവാദവും പറയുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് നേരെ കാര്യങ്ങള്‍ പറയാന്‍ ഇവിടെ വന്നത്’, നെതന്യാഹു അവകാശപ്പെട്ടു.

ഇസ്രയേല്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ നീളന്‍കൈ എത്താത്ത സ്ഥലങ്ങള്‍ ഇറാനിലില്ല. പശ്ചിമേഷ്യക്ക് മുഴുവന്‍ ഇത് ബാധകമാണ്. കുറേക്കാലമായി ലോകം ഇറാനെ പ്രീണിപ്പിക്കുകയായിരുന്നു. അത് അവസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കരയുദ്ധത്തിന്റെ സൂചന നല്‍കി ഇസ്രയേല്‍ സൈന്യം ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു. കരവഴി ലെബനനിലേക്ക് അധിനിവേശം നടത്താന്‍ ഇസ്രയേല്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നീക്കം. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ലെബനനും ഗാസയുടെ അതേ അവസ്ഥവരുമെന്നാണ് ഇസ്രയേല്‍ ഉന്നത സൈനികോദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ആകാശവും കടലും വഴി ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്. കരയുദ്ധത്തിനും തയ്യറായിരിക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!