KSDLIVENEWS

Real news for everyone

ലെബനന്‍ അതിര്‍ത്തിയില്‍ പോരാട്ടം ശക്തമാകുന്നു; ഇസ്രയേലിന്റെ 8 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

SHARE THIS ON

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ലെബനനില്‍ ഏകദേശം 400 മീറ്ററോളം ഇസ്രയേല്‍ സൈന്യം മുന്നേറ്റം നടത്തിയതായാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.


ബുധനാഴ്ച ലെബനനില്‍ നടന്ന പോരാട്ടത്തില്‍ തങ്ങളുടെ 8 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നതിന് ശേഷം നിലവില്‍ പുറത്തുവിട്ട വിവരമാണിത്. നേരത്തെ ഇരുപത്തിരണ്ടുകാരനായ ക്യാപ്റ്റന്‍ ഐതന്‍ ഒസ്‌തെര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.


അതേസമയം, തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രയേലി സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു. വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ സൈനികരെ പിന്‍വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സൈനികനീക്കത്തിന്റെ ഭാഗമായുള്ള മിസൈലാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ലെബനനില്‍ സൈനികപോരാട്ടം നടക്കുന്നതായി സ്ഥിരീകരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!