KSDLIVENEWS

Real news for everyone

അന്വേഷണത്തില്‍ സര്‍ക്കാരിന്റെ കുടമാറ്റം; തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല തുടരന്വേഷണം പ്രഖ്യാപിച്ചു

SHARE THIS ON

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് തലത്തിലുള്ള തുടരന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. പൂരം കലക്കലില്‍ ഗൂഢാലോചന നടന്നോ എന്നത് സംബന്ധിച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എം.ആര്‍.അജിത് കുമാര്‍ നേരത്തേ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം വിശദമായി അന്വേഷിക്കും. ഒപ്പം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് മേധാവിയായ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം സി.പി.ഐക്ക് ഉറപ്പുനല്‍കിയിരുന്നു. അതേസമയം ക്രമസമാധാന ചുമതലയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ നീക്കാതെയാണ് അദ്ദേഹത്തിനെതിരെ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.

പൂരം കലക്കലില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. തുടരന്വേഷണത്തിനുള്ള ശുപാര്‍ശയോടെയാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി. മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയും തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!