KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്’; ആരോപണവുമായി രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ തൻ്റെ ഫോണിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർത്ഥ രാജ്യദ്രോഹി ആരാണെന്നത് ഈ സംവാദത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് ആരാണ്? ആരാണ് യഥാർത്ഥ രാജ്യദ്രോഹി? എപ്പോൾ മുതലാണ് അവർ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്? എന്നീ ചോദ്യങ്ങൾക്കെല്ലാം നേർക്കുനേർ സംവാദത്തിൽ വ്യക്തമായ ഉത്തരം ലഭിക്കും. ഇതിന്റെയെല്ലാം തെളിവുകൾ എന്റെ ഫോണിലുണ്ട്, അതിനാലാണ് പ്രധാനമന്ത്രി എൻ്റെ ഫോൺ ചോർത്തുന്നത്’, രാഹുൽ ഗാന്ധി പറഞ്ഞു.

പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും മൈക്ക് ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷക ബില്ലുകൾ, വോട്ട് മോഷണം, ചൈനീസ് അതിർത്തി പ്രശ്നം, ജനറൽ നരവനെയുടെ പുസ്തകം, അദാനി വിഷയം, യുഎസ് വ്യാപാര കരാർ, ജെഫ്രി എപ്സ്റ്റൈൻ വിവാദം തുടങ്ങിയ നിരവധി വിഷയങ്ങൾ രാജ്യത്തിന് മുന്നിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നീണ്ട പ്രസംഗങ്ങളല്ല, നേർക്കുനേർ സംവാദമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.മാപ്പുകൾ കാണുക
‘ഒരു മേശയുടെ ഒരുവശത്ത് നരേന്ദ്ര മോദിയും മറുവശത്ത് ഞാനും ഇരിക്കുന്ന തരത്തിലൊരു സംവാദം നടക്കട്ടെ. മോദിക്ക് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാം, എനിക്ക് തിരിച്ചും. ഇതിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതോ വ്യവസായി ഗൗതം അദാനിയോ വിധികർത്താവായാലും തനിക്ക് എതിർപ്പില്ല’, രാഹുൽ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. രാഹുൽ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അതിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നതാണ് രാഹുലിന്റെ സ്ഥിരം ശീലമെന്ന് ബിജെപി പരിഹസിച്ചു. ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദി പാർലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമ്മല സീതാരാമനും, രാഹുലിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സഭയിൽ ഉന്നയിക്കട്ടെയെന്നും വെല്ലുവിളിച്ചു.

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ച് നരേന്ദ്ര മോദി നടത്തിയ ‘അർബൻ നക്സൽ’ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ കടുത്ത ഭാഷയിലുള്ള മറുപടി. മോദിയുടെ പരാമർശങ്ങൾക്കെതിരെ പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു.

error: Content is protected !!