KSDLIVENEWS

Real news for everyone

ഞാൻ മരിച്ചാല്‍ നിങ്ങളാരും കരയരുത്; നൊമ്ബരപ്പെടുത്തി ഗസ്സയില്‍ കൊല്ലപ്പെട്ട 10 വയസ്സുകാരിയുടെ വില്‍പത്രം

SHARE THIS ON

ഗസ്സ സിറ്റി: ഗസ്സയില്‍ ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയുടെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്.

നിരവധി കുട്ടികളാണ് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത്. പലർക്കും ഗുരുതര പരിക്കേറ്റു. മാതാപിതാക്കളടക്കം ഉറ്റവരെ നഷ്ടമായ കുട്ടികളും അനവധിയാണ്.

അതിനാല്‍ തന്നെ സങ്കടപ്പെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും ഗസ്സയില്‍നിന്ന് വരുന്നത്. ഗസ്സയില്‍ പത്ത് വയസ്സുള്ള ബാലിക സ്വന്തം കൈപ്പടയില്‍ തയാറാക്കിയ വില്‍പത്രമാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വില്‍പത്രത്തിലെ വരികള്‍ ആരെയും നൊമ്ബരപ്പെടുത്തുന്നതാണ്.

പത്തു വയസ്സുകാരി റഷ അല്‍ അരീർ എഴുതിയ വില്‍പത്രം ഇങ്ങനെയായിരുന്നു: ‘ഇസ്രായേല്‍ ആക്രമണത്തില്‍ ഞാൻ കൊല്ലപ്പെട്ടാല്‍ നിങ്ങളാരും വിലപിക്കരുത്. നിങ്ങള്‍ കരഞ്ഞാല്‍ എന്റെ ആത്മാവ് വേദനിക്കും. എന്റെ പോക്കറ്റ് മണി സഹോദരൻ അഹ്മദിനും അടുത്ത ബന്ധു റഹാഫിനും വീതിച്ചു നല്‍കണം. കളിപ്പാട്ടങ്ങള്‍ മറ്റൊരു ബന്ധുവായ ബത്തൂലിന് കൊടുക്കണം. അവസാനമായി ഒന്നുകൂടി, അഹമ്മദിനെ ഒരിക്കലും ശകാരിക്കരുത്. എന്റെ ആഗ്രഹം നിങ്ങള്‍ നടപ്പാക്കുകയും വേണം’.

ഒടുവില്‍ റഷ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. സെപ്റ്റംബർ 30ന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അവളും സഹോദരൻ അഹ്മദും കൊല്ലപ്പെട്ടു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് വില്‍പത്രം കണ്ടെത്തുന്നത്.

മാസങ്ങള്‍ക്ക് മുമ്ബ് ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ് റഷയും സഹോദരനും. അന്ന് തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അവള്‍ തന്റെ വില്‍പത്രം ബാക്കിയാക്കി വിധിക്ക് മുന്നില്‍ കീഴടങ്ങി.

സന്തോഷിക്കാൻ മറന്ന കുഞ്ഞുങ്ങള്‍

2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആരംഭിച്ച വംശഹത്യയില്‍ കൊല്ലപ്പെട്ട 17,000ത്തോളം കുട്ടികളില്‍ റഷയും അഹ് മദും ഉള്‍പ്പെടും. പതിനായിരക്കണക്കിന് കുട്ടികളാണ് ഗസ്സയില്‍ അനാഥരായി മാറിയത്. 25,973 ഫലസ്തീൻ കുട്ടികളാണ് മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരും കൊല്ലപ്പെട്ട് അനാഥരായി കഴിയുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങള്‍ സങ്കല്‍പ്പിക്കാൻ പോലും കഴിയാത്ത ഭീകരതയാണ് അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ചില്‍ഡ്രൻസ് ഫണ്ടായ യുനിസെഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒക്ടോബർ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഒരു ദിവസം പോലും സ്കൂളില്‍ പോകാൻ കഴിയാത്ത കുട്ടികള്‍ ഗസ്സയിലുണ്ട്. സാധാരണ കുട്ടികളുടേത് പോലെ ജീവിക്കാൻ കഴിയാത്തവരാണ് ഗസ്സയിലുള്ളതെന്ന് യുനിസെഫ് വക്താവ് ജൊനാഥൻ ക്രിക്സ് പറയുന്നു. അവർക്ക് പഠിക്കാനും കളിക്കാനും സന്തോഷിക്കാനും സാധിക്കുന്നില്ല. കുട്ടികളുടെ മുഖങ്ങളെല്ലാം സങ്കടം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ക്രിക്സ് പറയുന്നു.

25 ലിറ്റർ വരുന്ന പ്ലാസ്റ്റിക് കാനുകളില്‍ വെള്ളവും ചുമന്നുപോകുന്ന കുട്ടികളെയാണ് എവിടെയും കാണാനാവുക. തകർന്ന വീല്‍ചെയറില്‍ കുട്ടികള്‍ കുടിവെള്ള കാനുകള്‍ തള്ളിക്കൊണ്ടുവരുന്നത് താൻ കണ്ടിട്ടുണ്ട്. അതാണിപ്പോള്‍ അവരുടെ പ്രധാന പ്രശ്നം. ഈ കുട്ടികളെ കാണുന്നത് തന്നെ ഏറെ ഹൃദയഭേദകമാണ്. അഞ്ചും ആറും വയസ്സ് മാത്രമാണ് അവരുടെ പ്രായം. അവർ തങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണം കണ്ടെത്താനായി അലയുകയാണ്. വലിയ മാലിന്യക്കൂമ്ബാരങ്ങളിലൂടെ അവർ നടക്കുന്നു, അവിടെ അവർക്ക് ആവശ്യമുള്ളതെല്ലാം തേടുന്നു. ഒരു വർഷമായി കുട്ടികള്‍ അനുഭവിക്കുന്ന അക്രമങ്ങളും ക്രൂരതയും അരക്ഷിതാവസ്ഥയുമെല്ലാം അവരെ വലിയരീതിയില്‍ ബാധിക്കുന്നുണ്ടെന്നും ക്രിക്സ് ചൂണ്ടിക്കാട്ടി.

തെക്കൻ ഗസ്സയിലെ ക്യാമ്ബില്‍ താമസിക്കുന്ന 10 വയസ്സുകാരനായ അഹ്മദുമായുള്ള സംഭാഷണവും ക്രിക്സ് ഓർത്തെടുക്കുന്നുണ്ട്. കുട്ടിയുടെ അമ്മാവൻ അതിദാരുണമായാണ് കൊല്ലപ്പെടുന്നത്. അമ്മാവന്റെ മരണം അഹ്മദ് ക്രിക്സിനോട് വിവരിക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായി. തല ഏറെ അകെലയായിരുന്നു. ഒരു പത്ത് വയസ്സുകാരൻ പറയേണ്ട വാക്കുകളല്ല ഇതെന്നും ക്രിക്സ് വ്യക്തമാക്കി.

ഗസ്സയില്‍ നിലവില്‍ ഒരു സ്കൂള്‍ പോലും പ്രവർത്തിക്കുന്നില്ല. ആക്രമണത്തില്‍ 85 ശതമാനം സ്കൂള്‍ കെട്ടിടങ്ങളും തകർന്നു. കുട്ടികള്‍ക്കിടയില്‍ പല മാരക രോഗങ്ങളും പടരുന്നുണ്ട്. എന്നാല്‍, ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യമെന്നും ക്രിക്സ് പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!