പാലക്കാടെത്തി പി.സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി.അന്‍വര്‍

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ പി. സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി. അന്‍വര്‍. പാലക്കാട് തിരുവില്വാമലയിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന് ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന് രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്.
അതേസമയം പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സിപിഎം സരിന് പിന്തുണ നല്കാന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സരിന് സിപിഎമ്മിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച രാവിലെ സരിന് വീണ്ടും മാധ്യമങ്ങളെ കാണുന്നുണ്ട്.
അതിനിടയിലാണ് പി.വി. അന്‍വര്‍ പി. സരിനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. സിപിഎമ്മുമായി ഇടയുകയും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്ത അന്‍വര്‍ സരിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.

