ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത-എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: രാജ്യത്തിന്റെ മതേതര പൈതൃകത്തിന് തീരാ കളങ്കം ചാർത്തിയ ബാബരി മസ്ജിദ് ധ്വംസനത്തെ ഓർമിപ്പിക്കുന്ന വിധത്തില്‍ ഉത്തർപ്രദേശിലെ സംഭല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദ് കയ്യേറാനുള്ള സംഘപരിവാർ ശ്രമങ്ങളും ഭരണകൂട ഭീകരതയുടെ പ്രതിഫലനമായി നടന്ന വെടിവെപ്പും അപലപനീയമാണെന്നും വർഗീയ സംഘർഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതേതര രാഷ്ട്രീയ കക്ഷികള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു.
ഭരണകൂട പിന്തുണയുടെ ബലത്തില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ കയ്യേറ്റം നടത്താനും വർഗീയ സംഘർഷങ്ങള്‍ സൃഷ്ടിക്കാനുമുള്ള
ഫാസിസ്റ്റുകളുടെ ഗൂഢ പദ്ധതികളെ തുറന്നുകാണിക്കാനും നിയമപരമായി പ്രതിരോധിക്കാനും
പ്രതിപക്ഷ കക്ഷികള്‍ മുന്നിട്ടിറങ്ങണം.
രാജ്യത്ത് വർഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി സംയമനത്തിന്റെ പാത സ്വീകരിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധവും നീതിയും ലഭ്യമാക്കേണ്ടത് നിയമ സംവിധാനങ്ങളുടെയും രാഷ്ട്രീയ കൂട്ടായ്മകളുടെയും ബാധ്യതയാണ്.
അനീതിക്കെതിരെ പ്രതിഷേധിക്കാൻ പോലും അനുവദിക്കില്ല എന്ന ഫാസിസ്റ്റ് ധാർഷ്ട്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശാഹി മസ്ജിദിന്റെ പേരില്‍ സൃഷ്ടിച്ച സംഘർഷം.നിരപരാധികളായ നാല് യുവാക്കള്‍ കൊല്ലപ്പെട്ട പ്രസ്തുത സംഭവം ഭാരതത്തിൻ്റെ പൈതൃകത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.

