KSDLIVENEWS

Real news for everyone

നാളെയും അംഗീകരിക്കില്ല: എ.ഡി.എമ്മിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് എം.വി. ഗോവിന്ദൻ

SHARE THIS ON

പത്തനംതിട്ട: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ. ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയും അംഗീകരിക്കില്ല. സുപ്രീംകോടതി പറയുന്നപോലെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സി.ബി.ഐയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!