കുറുവ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിർദ്ദേശത്തിനു പിന്നാലെ കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കാസർകോട്: കുറുവ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിർദ്ദേശത്തിനു പിന്നാലെ ബുർഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ് സംഭവം. ബുർഖയിട്ടെത്തിയ യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് ചെന്ന് ഇരിക്കുകയായിരുന്നു. പ്രസ്‌തുത ആളുടെ ചലനത്തിൽ സംശയം തോന്നിയ ചിലർ നടത്തിയ ചടുലമായ ഇടപെടലിലാണ് യുവാവ് കെണിഞ്ഞത്. യുവാവിൻ്റെ കാൽ പാദങ്ങളും ചെരുപ്പും പുരുഷൻ്റേതാണെന്നു ഉറപ്പാക്കിയ ശേഷം സ്ഥലത്തുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇതിനിടയിൽ തന്നെ തിരിച്ചറിഞ്ഞുവെന്നു തോന്നിയ ‘ബുർഖ’ധാരി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനു മുമ്പു തന്നെ ഇയാളെ സ്ഥലത്തുണ്ടായിരുന്നവർ കയ്യോടെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.

