ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിന് നേരെ കാര്‍ ഇടിച്ചു കയറ്റി, രണ്ട് പേര് കൊല്ലപ്പെട്ടു; 60 പേര്‍ക്ക് പരിക്ക്

ബർലിൻ: ജർമ്മനിയില്‍ ക്രിസ്മസ് മാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു.
മാർക്കറ്റിന് നേരെ ഒരാള്‍ കാർ ഓടിച്ചു കയറ്റുകയായിരുന്നു. തെക്ക്-കിഴക്കൻ ബർലിനില്‍ നിന്ന് 130 കിലോ മീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം.
സാക്സോണി-അനാള്ട്ട് സ്റ്റേറ്റില്‍ താമസിക്കുന്ന ഡോക്ടറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ 2006 മുതല്‍ ജർമ്മനിയില്‍ താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് ജർമ്മൻ പൊലീസ് നിഗമനം.
മാർക്കറ്റിന് 400 മീറ്റർ അകലെ നിന്നാണ് ഇയാള്‍ ക്രിസ്തുമസ് മാർക്കറ്റിന് നേരെ ലക്ഷ്യമിട്ട് കാർ ഓടിച്ച് കയറ്റിയത്. ഉടൻ തന്നെ ആംബുലൻസുകളും പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തില്‍ അനുശോചനം അറിയിച്ച് ജർമ്മൻ ചാൻസലർ ഓള്‍ഫ് സ്കോള്‍സ് രംഗത്തെത്തി.
അപകടത്തിലെ ഇരകള്‍ക്കൊപ്പവും അവരുടെ കുടുംബങ്ങള്‍ക്കൊപ്പവുമാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മാഡ്ബർഗിലെ ജനങ്ങള്‍ക്കൊപ്പമാണ്. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

