പെരിയ ഇരട്ടക്കൊലക്കേസ് വിധി ശനിയാഴ്ച; കനത്ത സുരക്ഷ ഒരുക്കി പൊലീസ്, പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ കനത്ത നിരീക്ഷണം, നിരോധനാജ്ഞയ്ക്കും ആലോചന
കാസർകോട്: കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾക്ക് ഇടയാക്കിയ പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി എറണാകുളം സി ബി ഐ കോടതി ഡിസംബർ 28ന് പ്രസ്‌താവിക്കും. പ്രസ്താവന കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ മേൽനോട്ടത്തിലായിരിക്കും പൊലീസ് സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച്ച ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. പുല്ലൂർ- പെരിയ പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കാണ് മുൻതൂക്കം ഉണ്ടാവുകയെന്നാണ് സൂചന. പെരിയ, കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ പ്രദേശങ്ങൾ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആലോചനയും സജീവമാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട്ട് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കു തടഞ്ഞു നിർത്തി ഒരു സംഘം സി പി എം പ്രവർത്തകർ വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്. തുടക്കത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് അന്വേഷണം സി ബി ഐയ്ക്കു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 14 പേരെയാണ് കേസിൽ പ്രതി ചേർത്തത്. സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ പീതാംബരൻ ആണ് കേസിലെ ഒന്നാം പ്രതി. സി ബി ഐ അന്വേഷണത്തിൽ സി പി എം നേതാക്കളായ കെ വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി പ്രതി ചേർത്തു. പീതാംബരൻ അടക്കമുള്ള 11 പ്രതികൾ ഇരട്ട കാലപാതക കേസിൽ അറസ്റ്റിലായതിനു ശേഷം ജുഡീഷ്യൽ കകസ്റ്റഡിയിലാണ്.