KSDLIVENEWS

Real news for everyone

‘പണി കൊടുക്കണം’ സി.പി.എം. ഓഫീസിലെ സംസാരം; അണപൊട്ടി ജനരോഷം; നാടിന് നഷ്ടമായത് പ്രിയപ്പെട്ടവരെ

SHARE THIS ON

2019 ഫെബ്രുവരി 17, കാസര്‍കോട് പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം. നാടിന്റെ പ്രിയപ്പെട്ടവരായ, എന്തിനും ഏതിനും മുന്‍നിരയിലുണ്ടായിരുന്ന കൃപേഷിനെയും ശരത്ത് ലാലിനെയും അവര്‍ക്ക് നഷ്ടമായത് ആ ദിവസമായിരുന്നു. സി.പി.എം. കൊലയാളിസംഘം ആസൂത്രണംചെയ്ത് നടപ്പിലാക്കിയ അരുംകൊലയില്‍ കല്യോട്ടിന് നഷ്ടമായത് അവര്‍ക്കേറെ പ്രിയപ്പെട്ടവരായ രണ്ടുപേരെയായിരുന്നു. പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നാലെ എല്‍.ഡി.എഫ്. നേതാക്കള്‍ അവിടം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നേതാക്കള്‍ക്കെതിരേ അണപൊട്ടിയ ജനരോഷവും ആ നാടിന്റെ വേദനയുടെ തെളിവായിരുന്നു. കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും നാടിന്റെ പ്രിയപ്പെട്ടവരുമായിരുന്നു ഇരുവരും. ചെണ്ടമേളമാണ് പ്രിയപ്പെട്ട വിനോദം. മേളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു, ഇരുവരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിരുന്നു.

2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ശരത്ത് ലാലും കൃപേഷും. ഇതിനിടെയാണ് കൂരാങ്കര റോഡ് ജങ്ഷനില്‍വെച്ച് കൊലയാളിസംഘം ഇവരെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം കനത്തു. കേസില്‍ ഉള്‍പ്പെട്ട സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാബരനും സി.പി.എം. പ്രവര്‍ത്തകനായ സജി ജോര്‍ജും തൊട്ടടുത്തദിവസങ്ങളില്‍ പോലീസിന്റെ പിടിലായി. കേസില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങള്‍ തൃപ്തരായിരുന്നില്ല.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ. അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐ.ക്ക് വിട്ടു. ഡിവിഷന്‍ ബെഞ്ചും ഈ ഉത്തരവ് ശരിവെച്ചു. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചു.

സി.ബി.ഐ. വന്നതോടെ പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന്റെ ജില്ലാ നേതാക്കളിലേക്കടക്കം അന്വേഷണമെത്തി. മുന്‍ എം.എല്‍.എ. കെവി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായി. പെരിയ കല്യോട്ട് നടന്നത് രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണെന്നായിരുന്നു സി.ബി.ഐ.യുടെ കുറ്റപത്രം.

ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് പത്തുപേര്‍ ചേര്‍ന്നാണെന്നും കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുണ്ട്. കൊല നടന്നതിനുശേഷം പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായംനല്‍കാനും പാര്‍ട്ടി ലോക്കല്‍-ജില്ലാ നേതാക്കളെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞതും സി.ബി.ഐ. കൂടുതലായി കണ്ടെത്തിയതും ഉള്‍പ്പെടുത്തി ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്.

325 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 200-ലധികം രേഖകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കി. സി. പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനുള്‍പ്പെടെ എട്ടുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നും ഏച്ചിലടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഗൂഢാലോചന നടന്നതെന്നുമായിരുന്നു നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ടായിരുന്നത്. പീതാംബരനും ശരത്ത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലയിലേക്കെത്തിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സി.ബി.ഐ. ഈ എട്ടുപേര്‍ക്കൊപ്പം സുരേന്ദ്രന്‍, ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലെ പത്താമതായിരുന്ന കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് എന്നിവരെയും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണിതെന്ന് കുറ്റപത്രത്തില്‍ എടുത്തുപറയുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഗൂഢാലോചന സി.ബി.ഐ.യും ശരിവെച്ചു. എന്നാല്‍, ഇവിടെ മാത്രമല്ല പെരിയയിലെ സി.ഐ.ടി.യു. പ്രവര്‍ത്തകരുടെ വിശ്രമകേന്ദ്രത്തില്‍കൂടി ഗൂഢാലോചന നടത്തിയെന്നും മൂന്നുവട്ടമാണ് ഗൂഢാലോചന നടന്നതെന്നും സി.ബി.ഐ.യുടെ കുറ്റപത്രത്തിലുണ്ടായിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നുമുതല്‍ 24 വരെയുള്ള പ്രതികള്‍:

1. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം ഏച്ചിലടുക്കത്തെ എ. പീതാംബരന്‍
2. സജി സി. ജോര്‍ജ്
3. കെ.എം. സുരേഷ്
4. അനില്‍കുമാര്‍
5. ഗിജിന്‍ കല്യോട്ട്
6. ശ്രീരാഗ്
7. അശ്വിന്‍
8. സുബീഷ് വെളുത്തോളി
9. മുരളി തനിത്തോട്
10. രഞ്ജിത്ത് കണ്ണോട്ട്
11. പ്രദീപ് ഏച്ചിലടുക്കം
12. ആലക്കോട് മണി
13. സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന എന്‍. ബാലകൃഷ്ണന്‍
14. സി.പി.എം. ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ുമായിരുന്ന കെ. മണികണ്ഠന്‍
15. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ്
16. സുരേന്ദ്രന്‍ കല്യോട്ട്( വിഷ്ണുസുര)
17. ശാസ്താ മധു
18. റെജി വര്‍ഗീസ്
19. ഹരിപ്രസാദ്
20. മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍
21. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയും സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന രാഘവന്‍ വെളുത്തോളി
22. കെ.വി. ഭാസ്‌കരന്‍
23. ഗോപന്‍ വെളുത്തോളി
24. സന്ദീപ് വെളുത്തോളി

പണി’ കൊടുക്കണം

2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ് കല്യോട്ട് ശരത്ത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഫെബ്രുവരി 11-നായിരുന്നു പെരിയയിലെ സി.ഐ.ടി.യു. കേന്ദ്രത്തിലെ ഗൂഢാലോചനയെന്നാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നത്. 14-ന് ഉച്ചയ്ക്ക് ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ഗൂഢാലോചന നടന്നു. കൊലനടത്തിയ ദിവസം വൈകീട്ട് സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം നടന്നിരുന്നു. ഇതില്‍ ശരത്ലാലിനു ‘പണി’കൊടുക്കണമെന്നരീതിയില്‍ സംസാരമുണ്ടായി. വൈകീട്ട് 5.30-ന് യോഗം അവസാനിച്ചു.

തുടര്‍ന്ന് പീതാംബരനും കൊലയില്‍ നേരിട്ടുപങ്കെടുത്ത മറ്റുള്ളവരും ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തി. അന്ന് കല്യോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട സ്വാഗതസംഘം ചേര്‍ന്ന ദിവസമായിരുന്നു. വൊളന്റിയറായിരുന്ന ശരത്ത് ലാല്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ കൃത്യം നിര്‍വഹിക്കാന്‍ തീരുമാനിച്ചു. രഞ്ജിത്തിനെയും സുരേന്ദ്രനെയും റോഡ് ജങ്ഷനില്‍ നിര്‍ത്തി. മറ്റുള്ളവര്‍ ശരത്ത് ലാല്‍ വരുന്ന വഴിയില്‍ കൂരാങ്കര റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. ശരത്ത് ലാലും കൃപേഷും അമ്പലത്തില്‍നിന്നു മടങ്ങുമ്പോള്‍ കൃപേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും റോഡ് ജങ്ഷന്‍ കഴിഞ്ഞപ്പോള്‍ സുരേന്ദ്രന്‍ പീതാംബരനെയും രഞ്ജിത്ത് ശ്രീരാഗിനെയും വിളിച്ചു വിവരം ധരിപ്പിച്ചു. മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍കുമാര്‍, ഏഴാം പ്രതി അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് ശരത്ത് ലാലിനെ വെട്ടി. ശരത്ത് ലാല്‍ നിലത്തുവീണപ്പോള്‍ അനില്‍കുമാര്‍ കൃപേഷിനെയും വെട്ടി. കൊലയ്ക്കുശേഷം മൂന്നു വാഹനങ്ങളിലായി പ്രതികള്‍ വെളുത്തോളിയെത്തി.

അപ്പോഴേക്കും അന്ന് സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, 12-ാം പ്രതി ആലക്കോട് മണി, സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ സ്ഥലത്തെത്തി. പീതാംബരനുള്‍പ്പടെ നാലുപേരെ ചട്ടഞ്ചാലിലുള്ള പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മറ്റുള്ളവര്‍ വെളുത്തോളിയിലെ ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ചു. പിറ്റേന്ന് രാത്രി എല്ലാവരും വീണ്ടും വെളുത്തോളിയില്‍ ഒരുമിച്ചപ്പോഴാണ് ബേക്കല്‍ പോലീസ് രണ്ടാം പ്രതി സജി സി. ജോര്‍ജിനെ പിടിക്കുന്നത്. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ. മണികണ്ഠന്‍ എന്നിവരെത്തി പോലീസ് ജീപ്പിലുണ്ടായിരുന്ന സജിയെ ബലമായി മോചിപ്പിച്ചു എന്നും സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!