സ്പര്‍ജൻ കുമാര്‍ ഇന്റലിജൻസ് ഐജി: രാജ്പാല് മീണ ഉത്തരമേഖല ഐജി; പോലീസില്‍ അഴിച്ചുപണി

തിരുവനന്തപുരം: പോലീസില്‍ വൻ അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സർക്കാർ ഉത്തരവിറക്കിയത്.
തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാർ ഐപിഎസിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനായിരിക്കും.
ഉത്തരമേഖലാ ഐജിയായിരുന്ന കെ.സേതുരാമൻ ഐപിഎസിനെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാല് മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷൻ ഐജിയായി നിയമനം നല്കി. കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതലപ്പെടുത്തി.
എസ്. സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമനം നല്കി.
യതീഷ് ചന്ദ്ര ജിഎച്ച് ഐപിഎസിനെ കണ്ണൂർ റേഞ്ച് ഡിഐജി ആയും ഹരിശങ്കർ ഐപിഎസിനെ തൃശൂർ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നല്കി. കെ കാർത്തിക് ഐപിഎസിന് വിജിലൻസ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി ചുമതലയും ഇദ്ദേഹത്തിനാണ്. നാരായണൻ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്കി. ജനുവരി ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വരും.

