67 ലക്ഷം കടലിൽ കലക്കി; കോട്ടിക്കുളം-ബേക്കൽ ചെറു തുറമുഖ പദ്ധതി ഉപേക്ഷിച്ചു

കോട്ടിക്കുളം: കോട്ടിക്കുളം-ബേക്കൽ ചെറുതുറമുഖ പദ്ധതി തുറമുഖ വകുപ്പ് ഉപേക്ഷിച്ചു. 67 ലക്ഷം രൂപ ചെവിട്ട് പ്രാഥമിക സർവേ പൂർത്തീകരിച്ചശേഷമാണ് നടപടി. ചെറു തുറമുഖ നിർമാണത്തിന് മുന്നോടിയായി കാലവർഷത്തിനുശേഷം ചെയ്യേണ്ട ബീച്ച് പ്രൊഫെയ്‌ൽ ക്രോസ് സെക്‌ഷൻ, ബെഡ് വാട്ടർ സാമ്പിൾ കളക്‌ഷൻ, ഫ്ലോട്ട് ഒബ്സർവേഷൻ, ടോപ്പോഗ്രാഫിക് സർവേ, വിൻഡ് ആൻഡ് വേവ് ഒബ്സർവേഷൻ തുടങ്ങിയവ പൂർത്തീകരിച്ച് ഇവിടം ചെറുതുറമുഖത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയശേഷമാണ് വകുപ്പ് പദ്ധതിയിൽനിന്ന് പിന്മാറിയത്.
പത്ത് കിലോമീറ്റർ അകലെ അജാനൂരിൽ 200 കോടിയുടെ മറ്റൊരു ചെറു തുറമുഖ നിർമാണ പദ്ധതി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ച സാഹചര്യത്തിൽ കോട്ടിക്കുളം-ബേക്കൽ പദ്ധതി താത്കാലികമായി ഉപേക്ഷിച്ചുവെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കുകയുംചെയ്തു.
ജില്ലയിൽ മഞ്ചേശ്വരം, കാസർകോട് (തളങ്കര), ചെറുവത്തൂർ എന്നിവടങ്ങളിൽ മീൻപിടിത്ത തൊഴിലാളികൾക്ക് ഉപകരിക്കുന്ന ചെറു തുറമുഖങ്ങൾ നിലവിലുണ്ട്. ഇതിനുപിന്നാലെയാണ് 200 കോടി ചെലവുള്ള അജാനൂർ തുറമുഖംകൂടി വരുന്നത്. ഏപ്രിലിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോട്ടിക്കുളം-ബേക്കൽ ചെറു തുറമുഖ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പദ്ധതി അവസാനിപ്പിച്ചതായും ഹാർബർ എൻജിനിയറിങ് വിഭാഗം ചീഫ് എൻജിനീയർ കർമസമിതിയെ രേഖാമൂലം അറിയിച്ചു.
പുനഃപരിശോധിക്കണം- കർമസമിതി
കോട്ടിക്കുളം: പദ്ധതി താത്കാലികമായി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കർമസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആദ്യഘട്ടമായി തിരുവനന്തപുരത്തെത്തി ബന്ധപ്പെട്ടവരെ നേരിൽ കാണാനും തുടർന്ന് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാനുമാണ് കർമസമിതിയുടെ തീരുമാനം. യോഗത്തിൽ വർക്കിങ് ചെയർമാൻ വി.ആർ. സുരേന്ദ്രനാഥ്, ജനറൽ കൺവീനർ വി. പുരുഷോത്തമൻ, അജയ് ബേക്കൽ, ടി.വി. ഭാർഗവൻ, ശംഭു ബേക്കൽ, ഭാസ്കരൻ ബേക്കൽ, കെ. വിനയൻ കോട്ടിക്കുളം എന്നിവർ സംസാരിച്ചു.

