പേവിഷബാധ; 9 വര്‍ഷത്തിനിടെ 124 മരണം, നായ്ക്കളുടെ കടിയേറ്റവര്‍ 17.39 ലക്ഷം

വൈക്കം: പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരന്‍ മരിച്ചത് തിങ്കളാഴ്ച. സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്ത ഏറ്റവും ഒടുവിലത്തെ പേവിഷബാധ മരണമാണിത്. ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രികളിലെ 2021 മുതലുള്ള കണക്കാണിത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുള്ളത്.
നീക്കിവെച്ചിരിക്കുന്നത് കോടികള്‍
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍, എ.ബി.സി. (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ്), റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികള്‍ക്കായി 47.60 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്. മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. പോര്‍ട്ടബിള്‍ എ.ബി.സി. സെന്ററുകള്‍ സ്ഥാപിച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് 15 എ.ബി.സി. കേന്ദ്രങ്ങളാണുള്ളത്. അഞ്ച് സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ജനങ്ങളുടെ എതിര്‍പ്പാണ് പ്രധാന കാരണമായി തദ്ദേശവകുപ്പ് പറയുന്നത്. എ.ബി.സി. സെന്ററില്‍ വന്ധ്യംകരണം ചെയ്യാന്‍ ശീതികരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ വേണം. പരിചയമുള്ള ഡോക്ടറുടെ സേവനം, ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആറുദിവസം നായക്ക് സംരക്ഷണം, റെഫ്രിജറേറ്റര്‍ സൗകര്യം തുടങ്ങിയവ വേണമെന്ന് നിബന്ധനകളിലുണ്ട്. ഈ നിബന്ധനകള്‍ക്ക് ഇളവു വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പ്രവര്‍ത്തനങ്ങള്‍
പേവിഷബാധ നിയന്ത്രിക്കുന്നതിനായി വളര്‍ത്തുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് ഉടമകള്‍ക്കും തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തിവരുന്നു. തെരുവോരങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. അറവുശാലാ മാലിന്യം അംഗീകൃത ഏജന്‍സികള്‍ക്കാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.
വര്‍ഷം – പേവിഷബാധയേറ്റ് മരണം
2016 – അഞ്ച്
2017 – എട്ട്
2018 – ഒമ്പത്
2019 – എട്ട്
2020 – അഞ്ച്
2021 – 11
2022 – 27
2023 – 25
2024 – 26
ആകെ – 124

