മിസ് പ്രെറ്റി ഇന്ത്യ’ നിധി തിവാരി ജീവനൊടുക്കിയ നിലയിൽ; 16 ലക്ഷം ഫോളവേഴ്സുള്ള ഇൻഫ്ലുവൻസർ

ഭോപാൽ: ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളവേഴ്സുള്ള പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. ഭൂസ മോഡിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് നിധിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം ചൂടിയതോടെയാണ് നിധി തിവാരി മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ സജീവമായത്. സിനിമയിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. മരിക്കുന്നതിനു തൊട്ടുമുൻപ് നിധി ഫോണിൽ ആരോടോ സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകി. ഈ ഫോൺൃകോളും നിധിയുടെ ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫോൺ കോൾ റെക്കോർഡുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മരണത്തിലേക്കു നയിച്ച യഥാർഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മൊർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് നിധിയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. നിധിയുടെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് സമൂഹമാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്.

