KSDLIVENEWS

Real news for everyone

ബന്ദി മോചനം തുടരുമെന്ന് ഹമാസ്; ഗസ്സക്കു നേരെയുള്ള യുദ്ധഭീതി ഒഴിയുന്നു

SHARE THIS ON

തെല്‍ അവിവ്: വെടിനിർത്തല്‍ കരാർ പ്രകാരം അടുത്തഘട്ടം ബന്ദികളെ നാളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഗസ്സക്കു നേരെയുള്ള യുദ്ധഭീതി ഒഴിയുന്നു.

ബന്ദികളിലെ 6 അമേരിക്കൻ വംശജരെയും ഹമാസ് ഉടൻ മോചിപ്പിച്ചേക്കുമെന്ന് യുഎസ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഗസ്സ പദ്ധതിയില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് പിൻമാറണം എന്നാവശ്യപ്പെട്ട് 143 ഡമോക്രാറ്റിക് പ്രതിനിധികളും അമേരിക്കയിലെ ജൂതവിഭാഗവും രംഗത്തെത്തി.

വെടിനിർത്തല്‍ കരാർ യാഥാർഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഉറപ്പുനല്‍കിയതോടെയാണ് നേരത്തേയുള്ള ധാരണപ്രകാരം അടുത്തഘട്ടം ബന്ദികളെ നാളെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച മൂന്നു ബന്ദികളെയാകും വിട്ടയക്കുക. ശനിയാഴ്ച ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗസ്സയില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. എല്ലാ ബന്ദികളെയും നാളേക്കകം വിട്ടയച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും താക്കീത് ചെയ്തിരുന്നു. തങ്ങളുടെ പിടിയിലുള്ള ബന്ദികളില്‍ 6 യു.എസ് വംശജരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് അമേരിക്കൻ, ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഹമാസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഔഷധ, ഇന്ധന വിതരണം, ഗസ്സയില്‍ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാൻ ഉപകരണങ്ങള്‍ എത്തിക്കുക എന്നീ കാര്യങ്ങളില്‍ ഉടൻ നടപടി വേണമെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വെടിനിർത്തല്‍ ചർച്ച ഉടൻ ആരംഭിക്കാൻ ഇസ്രായേല്‍ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ, ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ അപകടകരമായ നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയിലെ 143 ഡമോക്രാറ്റിക് പ്രതിനിധികള്‍ രംഗത്ത്. ഗസ്സ ഏറ്റെടുക്കല്‍ ആഗോളതലത്തില്‍ യു.എസ് നയത്തിന് വൻതിരിച്ചടിയാകുമെന്ന് ട്രംപിന് കൈമാറിയ കത്തില്‍ ഇവർ ആവശ്യപ്പെട്ടു. ട്രംപിന്‍റെ ഗസ്സ പദ്ധതിയെ വിമർശിച്ച്‌ 350 ജൂതറബ്ബികളും ആക്റ്റിവിസ്റ്റുകളും രംഗത്തു വന്നു. പദ്ധതിയില്‍ പ്രതിഷേധിച്ച്‌ ‘ന്യൂയോർക്ക് ടൈംസി’ല്‍ ഇവർ ഫുള്‍പേജ് പരസ്യവും പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!